ഇരിട്ടി (കണ്ണൂർ): ക്രിസ്‌മസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ ഇരിട്ടിയിലെ മുത്തു ലോട്ടറി ഏജൻസി വിറ്റ XD 387132 നമ്പർ ടിക്കറ്റിന്. ഭാഗ്യവാൻ ഇതുവരെ രംഗത്തെത്തിയിട്ടില്ല.
ഈ ഏജൻസിയിൽ നിന്ന് ജനുവരി 24ന് സത്യൻ എന്നയാൾ വാങ്ങിയ 10 ടിക്കറ്റിൽ ഒന്നിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്. സ്വന്തം ആവശ്യത്തിനാണോ വില്പനയ്ക്കാണോ ഇത് ഉപയോഗിച്ചത് എന്ന് വ്യക്തമല്ല. ഇടയ്ക്കിടെ ഒരു ബുക്ക് ടിക്കറ്റ് എടുത്ത് സത്യൻ വിൽക്കാറുണ്ടെന്ന് ജീവനക്കാർ പറഞ്ഞു.
ചക്കരക്കല്ലിലെ ഹെഡ് ഓഫീസിൽ നിന്ന് ഈ നമ്പറിലെ നാല് സീരിയൽ ബുക്കാണ് വില്പനയ്ക്കായി അയച്ചിരുന്നത്. ഇതിലെ ഒരു ബുക്കിലെ ഒരുടിക്കറ്റിന് 20 കോടിയും മറ്റ് മൂന്നു ബുക്കിലെ മൂന്നു ടിക്കറ്റിന് മൂന്നു പേർക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതവും ലഭിച്ചിട്ടുണ്ട്.
ഇതിനുമുമ്പ് ഇവിടെ നിന്ന് വിറ്റ ടിക്കറ്റിന് ഒന്നാംസമ്മാനമായ 80 ലക്ഷം, 70 ലക്ഷം എന്നിവ ലഭിച്ചിരുന്നു. ബമ്പർ സമ്മാനമായ 20 കോടി ലഭിച്ചതറിഞ്ഞ് നിരവധി പേരാണ് ഭാഗ്യവാനെ അന്വേഷിച്ച് ഏജൻസിയിൽ എത്തിയത്. ഇരിട്ടിയിലെ വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |