പവൻ വില 63,240 രൂപയും കടന്ന് മുന്നോട്ട്
കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പുതിയ റെക്കാഡ് ഉയരത്തിലെത്തി. രാജ്യാന്തര വില ഔൺസിന് 2,864 ഡോളറിലേക്ക് കുതിച്ചതോടെ കേരളത്തിൽ പവൻ വില 760 രൂപ വർദ്ധിച്ച് 63,240 രൂപയിലെത്തി. ഗ്രാമിന്റെ വില 95 രൂപ ഉയർന്ന് 7,905 രൂപയിലെത്തി. പതിനെട്ട് കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 80 രൂപ വർദ്ധിച്ച് 6,535 രൂപയിലെത്തി.
അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം മുറുകുന്നതാണ് സ്വർണത്തിന് കരുത്ത് പകരുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് പവൻ വില റെക്കാഡ് പുതുക്കി മുന്നേറുന്നത്.
ജനുവരി ഒന്നിന് ശേഷം സ്വർണം പവൻ വിലയിൽ 6,040 രൂപയുടെ വർദ്ധനയുണ്ട്. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആഗോള സാമ്പത്തിക മേഖലയിലുണ്ടായ അനിശ്ചിതത്വമാണ് സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്ക് വർദ്ധിച്ചത്. വിലക്കയറ്റം രൂക്ഷമാക്കുന്ന ട്രംപിന്റെ നയങ്ങൾ ആഗോള മാന്ദ്യത്തിന് കാരണമാകുമെന്നും വിലയിരുത്തുന്നു. രൂപയുടെ മൂല്യയിടിവും സ്വർണ വിലയിൽ കുതിപ്പുണ്ടാക്കി. വിവിധ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതും ഗുണമായി.
ഉപഭോഗം കുറയുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ
നടപ്പുവർഷം ഇന്ത്യയിലെ സ്വർണ ഉപഭോഗത്തിൽ ഗണ്യമായ ഇടിവുണ്ടാകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. കഴിഞ്ഞ വർഷം ഇന്ത്യയിലെ സ്വർണ ഉപഭോഗം 802.8 ടണ്ണായിരുന്നു. ഇത്തവണ ഉപഭോഗം 700 മുതൽ 800 ടണ്ണിലേക്ക് താഴുമെന്നാണ് വിലയിരുത്തുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ ഓപ്പറേഷൻസ് സി.ഇ.ഒ സച്ചിൻ ജെയിൻ പറഞ്ഞു. നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നതിൽ വർദ്ധനയുണ്ടാകുമെങ്കിലും സ്വർണാഭരണ വില്പന ഇടിയുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയിലെ സ്വർണ ഉപഭോഗത്തിൽ 70 ശതമാനവും ആഭരണ വില്പന രംഗത്താണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |