ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുകയും ബിസിനസ് സംരംഭങ്ങള്‍ നടത്തുകയും ചെയ്യുന്ന നഗരമാണ് ബംഗളൂരു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഐടി നഗരത്തില്‍ ഇപ്പോഴിതാ രണ്ടാമതൊരു വിമാനത്താവളം നിര്‍മിക്കാനുള്ള പ്രാരംഭ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. സമീപഭാവിയില്‍ തന്നെ രണ്ടാമതൊരു വിമാനത്താവളം എന്നത് മെട്രോ നഗരത്തിന്റെ ആവശ്യമാണ്.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഇനിയും വികസിപ്പിക്കാന്‍ പരിമിധികളുണ്ട്. കഴിഞ്ഞ വര്‍ഷം 3 കോടി 70 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും അന്വേഷണത്തിനുമൊടുവില്‍ രണ്ടാമതൊരു വിമാനത്താവളം നിര്‍മിക്കുന്നതിന് അനുയോജ്യമായ മൂന്ന് സ്ഥലങ്ങളുടെ ചുരുക്കപ്പട്ടികയും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ബംഗളൂരുവിന് സമീപ ജില്ലയായ രാമനഗരയിലാണ് പുതിയ വിമാനത്താവളം നിര്‍മിക്കാന്‍ സാദ്ധ്യത കൂടുതല്‍.
ബിഡദി, ഹരോഹള്ളി, രാമനഗര ജില്ലയിലെ തന്നെ മഗഡി താലൂക്കിലെ ഗ്രാമമായ സോളൂര്‍ എന്നീ മൂന്നിടങ്ങളാണ് അവസാന പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. നെലമംഗലയ്ക്കും കുനിഗലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും അവസാന തീരുമാനത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തങ്ങളുടെ മണ്ഡലങ്ങളിലേക്ക് വിമാനത്താവളഴം കൊണ്ടുവരാനായുള്ള ശ്രമങ്ങളും തര്‍ക്കങ്ങളും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് ഉയരുന്നതും കാലതാമസത്തിന് കാരണമാണ്.
ബംഗളൂരു നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള തന്റെ മണ്ഡലത്തിലേക്ക് വിമാനത്താവളം കൊണ്ടുവരാനാണ് ഉപമുഖ്യമന്ത്രിയും ബംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാര്‍ ശ്രമിക്കുന്നത്. ശിവകുമാറിന് വെല്ലുവിളിയുയര്‍ത്തി തുംകുരുവിലേക്ക് രണ്ടാം വിമാനത്താവളം കൊണ്ടുവരണമെന്ന് ശക്തമായി വാദിക്കുന്നത് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |