ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സമാധി പ്രാപിച്ച സ്വാമി സുഗുണാനന്ദയുടെ മോക്ഷദീപചടങ്ങുകൾ ഇന്ന് നടക്കും.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9 നു സമാധി സ്ഥാനത്ത് പ്രാർത്ഥന, പ്രത്യേക പൂജ, തുടർന്ന് വിശേഷാൽ ഗുരുപൂജയും അന്നദാനവും വൈകിട്ട് മോക്ഷദീപവും പ്രാർത്ഥനയും അനുസ്മരണവും നടക്കും.
അനന്തുവിന്റെ
വണ്ടിത്തട്ടിപ്പ്
കോഴിക്കോട്ടും
കോഴിക്കോട്: പകുതിവിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ അനന്തുകൃഷ്ണനെതിരെ കോഴിക്കോട് നടക്കാവ് സ്റ്റേഷനിലും കേസ്. അവെയർ എന്ന എൻ.ജി.ഒ യുടെ പരാതിപ്രകാരം നടക്കാവ് പൊലീസാണ് കേസെടുത്തത്.
വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് സഹായത്തോടെ വനിതകൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനന്തുകൃഷ്ണൻ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇയാളുടെ വാക്ക് വിശ്വസിച്ച 92 വനിതകളെ തിരഞ്ഞെടുക്കുകയും അവരിൽ നിന്നും വാങ്ങിയ എഴുപത്തി രണ്ടര ലക്ഷം രൂപ അനന്തുകൃഷ്ണന്റെ പ്രൊഫഷണൽ സർവീസ് ഇന്നൊവേഷൻ എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. എന്നാൽ രണ്ടു വർഷമായിട്ടും വാഗ്ദാനം ചെയ്ത വസ്തുവോ കൈമാറ്റം ചെയ്ത പണമോ തിരി ച്ചു നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
കുറയ്ക്കുന്നതിനെതിരെ ഹർജി
കൊച്ചി: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ഒമ്പത് സ്കോളർഷിപ്പുകൾ 50% വെട്ടിക്കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. വിദ്യാഭ്യാസ പ്രവർത്തകനായ കാവുങ്ങപ്പറമ്പ് മുഹ്റജിന്റെ ഹർജി സ്വീകരിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച്,സർക്കാരിനോട് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഹർജി മാർച്ച് 6ന് വീണ്ടും പരിഗണിക്കും.
കിഫ്ബി യൂസർഫീ
കൊള്ള: ആർ.എസ്.പി
തിരുവനന്തപുരം: കിഫ് ബി റോഡുകൾക്ക് യൂസർ ഫീ ഏർപ്പെടുത്തുവാനുള്ള സർക്കാരിന്റെ നീക്കം ചമ്പൽ കൊള്ളക്കാരെ പോലും ലജ്ജിപ്പിക്കുന്ന സംഘടിത കൊള്ളയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നികുതി ഭീകരതയ്ക്കെതിരെ സംഘടിത പ്രക്ഷോഭത്തിന് ആർ.എസ്.പി നേതൃത്വം നൽകും.
കേന്ദ്ര സെക്രട്ടേറിയറ്റംഗം എ.എ. അസീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ റിപ്പോർട്ടവതരിപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബാബു ദിവാകരൻ, അഡ്വ. ജെ. മധു, കെ. സിസിലി, വി. ശ്രീകുമാരൻ നായർ, കെ. ജയകുമാർ, പി.ജി. പ്രസന്ന കുമാർ, അഡ്വ. ടി.സി. വിജയൻ, അഡ്വ. ബി. രാജശേഖരൻ, എ.എം. സാലി, കെ. ചന്ദ്രബാബു, ഇടവനശ്ശേരി സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
ഇന്റേൺഷിപ്പ് അലോട്ട്മെന്റ്
തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയവർക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കും. ഇതിനുള്ള കേന്ദ്രീകൃത കൗൺസിലിംഗ്, മോപ് അപ് അലോട്ട്മെന്റ് എന്നിവ 12 ന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. വെബ്സൈറ്റ്: www.dme.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |