കൊല്ലം: മേയർസ്ഥാനം രാജിവയ്ക്കാൻ ഈമാസം പത്തുവരെ സമയം ചോദിച്ചെങ്കിലും വഴങ്ങാതെയാണ് കൊല്ലം കോർപ്പറേഷനിൽ സി.പി.ഐ ഡെപ്യൂട്ടി മേയർ സ്ഥാനമടക്കം രാജിവച്ചത്. 10ന് നിശ്ചയിച്ചിട്ടുള്ള കൗൺസിൽ യോഗം കഴിഞ്ഞ് ഇതുവരെ പൂർത്തിയാക്കിയ വികസന പദ്ധതികൾ വാർത്താസമ്മേളനം വിളിച്ച് വിശദീകരിച്ച ശേഷം രാജിവയ്ക്കാനാണ് സി.പി.എം ജില്ലാനേതൃത്വം മേയർ പ്രസന്ന ഏണസ്റ്റിന് നൽകിയിരുന്ന നിർദ്ദേശം. അതിനുമുമ്പ് ചില പദ്ധതികളുടെ ഉദ്ഘാടനം നടത്താനും തീരുമാനിച്ചിരുന്നു.
ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചർച്ചയിൽ രാജി നീട്ടുന്നത് സി.പി.എം ഉന്നയിച്ചെങ്കിലും സി.പി.ഐ വഴങ്ങിയില്ല. ഇന്നലെ രാവിലെ സി.പി.ഐ ജില്ലാ സെന്റർ യോഗം ചേർന്ന് ഇന്നുതന്നെ മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഡെപ്യൂട്ടി മേയറും രണ്ട് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരും രാജിവയ്ക്കുമെന്ന മുന്നറിയിപ്പും നൽകി. വൈകിട്ടുവരെ മേയറുടെ രാജി ഉണ്ടാകാത്തതോടെയാണ് സി.പി.ഐ അംഗങ്ങൾ കോർപ്പറേഷൻ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്.
അതേസമയം, ഇക്കൊല്ലം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ പോകാതിരിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. അതിനാൽ, പത്തിന് മേയർ സ്ഥാനം രാജിവയ്ക്കുമെന്നാണ് സൂചന. എന്നാൽ, തങ്ങളുടെ ആവശ്യത്തിന് വഴങ്ങാതെ സി.പി.ഐ രാജിതീരുമാനം എടുത്തതിൽ സി.പി.എം നേതാക്കൾക്ക് അമർഷമുണ്ട്. സി.പി.ഐയുടെ എടുത്തുചാടിയുള്ള നീക്കത്തിന് വഴങ്ങേണ്ടെന്ന നിലപാട് സി.പി.എം സ്വീകരിച്ചാൽ അത് ഇരുകക്ഷികളും തമ്മിലുള്ള പോരിനിടയാക്കും.
മുൻധാരണ പ്രകാരം അവസാന ഒരു വർഷമാണ് സി.പി.ഐക്ക് മേയർ സ്ഥാനം വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ, സ്ഥാനം കൈമാറണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ജില്ലാ സെക്രട്ടറിക്ക് രണ്ടാഴ്ച മുമ്പാണ് കത്ത് നൽകിയത്.
സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം
സ്ഥാനങ്ങൾ രാജിവച്ചതു കൂടാതെ ഭരണസമിതിക്കുള്ള പിന്തുണ സി.പി.ഐ പിൻവലിച്ചാലും കൊല്ലം കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരിക്കാൻ സി.പി.എമ്മിന് ഭൂരിപക്ഷമുണ്ട്. 55 അംഗ കൗൺസിലിൽ 28 പേർ സി.പി.എം പ്രതിനിധികളാണ്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുള്ളതിനാൽ മേയർ സ്ഥാനം കൈമാറരുതെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. എന്നാൽ, സി.പി.ഐ സമ്മർദ്ദം ശക്തമാക്കിയതോടെ സി.പി.എം ജില്ലാനേതൃത്വം വഴങ്ങുകയായിരുന്നു. രൂപീകൃതമായത് മുതൽ കൊല്ലം കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിനാണ്. ആദ്യ രണ്ട് ഭരണസമിതികളുടെ കാലത്ത് അഞ്ചുവർഷവും മേയർ സ്ഥാനം സിപി.എമ്മിനായിരുന്നു. ആർ.എസ്.പി മുന്നണി വിട്ടതോടെ കഴിഞ്ഞ രണ്ട് ഭരണസമിതികളുടെ അവസാന ഒരുവർഷക്കാലം മേയർ സ്ഥാനം സി.പി.ഐക്ക് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |