കൊച്ചി: സംസ്ഥാന കാർഷിക വികസന ബാങ്കിൽ നിന്ന് വിരമിച്ച 28 പേർക്ക് 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി നൽകിയിരുന്ന ഉയർന്ന പി.എഫ് പെൻഷൻ കുറയ്‌ക്കരുതെന്ന് ഹൈക്കോടതി. 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെൻഷൻ നൽകാനുള്ള തീരുമാനമാണ് ജസ്റ്റിസ് മുരളി പുരോഷോത്തമൻ ഇടക്കാല ഉത്തരവിലൂടെ വിലക്കിയത്.
1982-84 കാലയളവിൽ സർവീസിൽ കയറിയവരാണ് ഹർജിക്കാർ. 1995ൽ ഇ.പി.എഫ് പെൻഷൻ സ്‌കീം നിലവിൽ വന്നപ്പോൾ അതിൽ ചേർന്നു. 2018-20 കാലയളവിൽ വിരമിച്ചപ്പോൾ മുതൽ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെൻഷനും ലഭിച്ചിരുന്നു. അതിനിടെയാണ് ഇപ്പോൾ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ പെൻഷൻ നൽകാനുള്ള നടപടി ഇ.പി.എഫ്.ഒ തുടങ്ങിയത്. ഇതിനെതിരെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
60 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെൻഷൻ കണക്കാക്കുന്ന വ്യവസ്ഥ 2014 സെപ്തംബർ ഒന്നിനാണ് നിലവിൽ വന്നത്. ഇതിന് മുൻകാല പ്രാബല്യമില്ല. 2014 സെപ്തംബർ ഒന്നിന് ശേഷം സ്‌കീമിൽ ചേരുന്നവർക്കാണ് ഇത് ബാധകമാകുന്നതെന്നും ഹർജിക്കാർക്കായി ഹാജരായ അഡ്വ.പി.എൻ. മോഹനൻ വാദിച്ചു. 60 മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കിയാൽ മാസം ഏകദേശം 10,000 രൂപയുടെ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി. ഇ.പി.എഫ്.ഒയ്ക്കടക്കം നോട്ടീസിന് നിർദ്ദേശിച്ച കോടതി, വിഷയം ഏപ്രിലിൽ പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |