കൊച്ചി: ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷ വിധിച്ചുകൊണ്ടുള്ള നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ ഇപ്പോഴുള്ളത്.
അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ച നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ എം ബഷീറാണ് വധശിക്ഷ വിധിച്ചത്. ഗ്രീഷ്‌മയുടെ അമ്മാവൻ നിർമലകുമാരൻ നായർക്ക് മൂന്ന് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. മൂന്നു മാസം കൊണ്ടാണ് വാദം പൂർത്തിയാക്കിയത്.
2022 ഒക്ടോബർ 14നാണ് ഗ്രീഷ്മ, പാറശ്ശാല മുര്യങ്കര ജെ പി ഹൗസിൽ ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. ചികിത്സയിലിരിക്കെ പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ഷാരോൺ മരിച്ചു.
സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസമാകുമെന്ന് കണ്ടാണ് ഷാരോണിനെ വധിക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മയും അമ്മാവനും ഒത്താശ ചെയ്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കളനാശിനി ഗ്രീഷ്മയ്ക്ക് വാങ്ങി നൽകിയത് നിർമല കുമാരൻ നായരാണ്.
തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി. ശില്പയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ചത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ചായിരുന്നു അന്വേഷണം നടന്നത്. ഡിജിറ്റൽ,ഫോറൻസിക്ക്,ശാസ്ത്രീയ തെളിവുകളും നിർണായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |