ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിന്റെ പേരിൽ അമേരിക്കയിൽ നിന്ന് അമൃത്‌സറിലെത്തിച്ച ഇന്ത്യക്കാരിൽ ഭൂരിഭാഗവും തട്ടിപ്പിനിരയാക്കപ്പെട്ടവരാണ്. യുഎസ് വർക്ക് വിസ നൽകാമെന്ന് പറഞ്ഞ് പറ്റിച്ച് കടൽ മാർഗവും പർവത മാർഗവും അതിർത്തികളിലെത്തിക്കുകയായിരുന്നു ഈ വ്യാജ ഏജന്റുമാരുടെ പതിവ്. ഇവരുടെ ചതിയിൽപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണ്. കഠിനമായ യാത്രാമദ്ധ്യേ മരിച്ചുവീണതും നിരവധിപേരാണ്. ഇത്തരത്തിലുള്ള ദുരിത അനുഭവങ്ങൾ പങ്കുവയ്‌ക്കുകയാണ് തിരിച്ചെത്തിയവരിൽ പലരും. ഉള്ളതെല്ലാം വിറ്റ് മക്കളെ യുഎസിലേക്ക് അയച്ച രക്ഷിതാക്കൾക്ക് അവരെ ജീവനോടെ തിരികെ കിട്ടയതിന്റെ സന്തോഷമാണ്.
യുഎസിൽ എത്താൻ ഒരു കോടി രൂപ ഏജന്റുമാർക്ക് നൽകിയെന്നാണ് ഒരു ഗുജറാത്തി കുടുംബം പറയുന്നത്. ഒന്നര ഏക്കർ സ്ഥലം വിറ്റ് 42 ലക്ഷം രൂപ നൽകിയാണ് അനന്തരവനെ വിദേശത്തേക്കയച്ചതെന്ന് അമൃത്‌സറിലെ ഒരു ഗ്രാമത്തിൽ കഴിയുന്ന വൃദ്ധൻ പറഞ്ഞു. പഞ്ചാബിൽ നിന്ന് വിരമിച്ച പൊലീസ് ഇൻസ്പെക്ടറായ ചരൺജിത് സിംഗിന്റെ ചെറുമകൻ അജയ്ദീപ് സിംഗും ഏജന്റുമാരുടെ കെണിയിൽപ്പെട്ടിരുന്നു. നാടുകടത്തപ്പെടുന്നതിന് മുമ്പ് വരെ ഒരു ക്യാമ്പിലാണ് താമസിച്ചിരുന്നതെന്ന് അജയ്ദീപ് പറഞ്ഞു. നാടുകടത്തപ്പെട്ട ചിലർ ഇക്കാര്യം അവരുടെ ബന്ധുക്കളെ അറിയിക്കരുത് എന്ന് അഭ്യർത്ഥിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരെ റോഡ് മാർഗം അവരുടെ നാട്ടിലേക്കയച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വിമാനമാർഗമാകും അവരുടെ നാട്ടിലെത്തിക്കുക എന്ന് അമൃത്‌സർ വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. ഇവരെ യുഎസിൽ എത്താൻ സഹായിച്ചത് ആരാണെന്നും ഈ ഏജന്റുമാർ എത്ര പണം നൽകിയെന്നും അന്വേഷിക്കുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |