വാഷിംഗ്‌ടൺ: വനിതാ കായിക മത്സരങ്ങളിൽ ട്രാൻസ്‌ജെൻഡറുകൾ മത്സരിക്കുന്നത് വിലക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുക എന്നതാണ് ഉത്തരവ്. സ്‌കൂൾ, യൂണിവേഴ്‌സിറ്റി കായിക മത്സരങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.
ഉത്തരവ് പ്രകാരം, പെൺകുട്ടികളുടെ ടീമുകളിൽ ട്രാൻസ്‌ജെൻഡറുകളെ ഉൾപ്പെടുത്തുന്ന സ്‌കൂളുകൾക്കുള്ള ഫണ്ടുകൾ സർക്കാർ ഏജൻസികൾക്ക് നിഷേധിക്കാം. സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും കായിക മേഖലകളിൽ ന്യായമായ അവസരങ്ങൾ നഷ്‌ടപ്പെടുത്തുന്ന പരിപാടികളിലേക്കുള്ള ഫണ്ട് റദ്ദാക്കുകയെന്നത് യുഎസിന്റെ നയമാണ്. ഇത്തരത്തിൽ അവസരങ്ങൾ നഷ്‌ടപ്പെടുത്തുന്നത് സ്‌ത്രീകളെയും പെൺകുട്ടികളെയും നിശബ്‌ദരാക്കുകയും അവരുടെ സ്വകാര്യത നഷ്‌ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ഉത്തരവ് നിലവിൽ വന്നതോടെ വനിതാ കായിക രംഗത്തെ യുദ്ധം അവസാനിച്ചതായി ട്രംപ് പറഞ്ഞു. വനിതാ കായിക താരങ്ങളുടെ അഭിമാനകരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും സ്‌ത്രീകളെയും പെൺകുട്ടികളെയും പരിക്കേൽപ്പിക്കാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇനി മുതൽ വനിതാ കായിക ഇനങ്ങൾ വനിതകൾക്ക് മാത്രമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രാൻസ്‌ജെൻഡേഴ്‌സ് കായിക താരങ്ങളുമായി ബന്ധപ്പെട്ട നിയമം മാറ്റാൻ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയിൽ സമ്മർദം ചെലുത്താനും ട്രംപ് ശ്രമിക്കുന്നുണ്ട്. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിന് മുമ്പ് ഇത് നടപ്പാക്കാനാണ് ട്രംപിന്റെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |