തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സഹായമായി 103.10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും മറ്റ് കാര്യങ്ങൾക്കായി 30 കോടി രൂപയുമാണ് അനുവദിച്ചത്.
കെഎസ്‌ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തിൽ ബഡ്‌ജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനോടകം 1479.42 കോടി രൂപയാണ് നൽകിയത്. ബഡ്‌ജറ്റിൽ വകയിരുത്തിയതിനേക്കാൾ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.
കെഎസ്‌ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിയതിന് പിന്നാലെയാണ് ഇപ്പോൾ അധിക തുക അനുവദിച്ചിരിക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31ശതമാനം ഡിഎ കുടിശിക അനുവദിക്കുക, റൂട്ടുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ നേതൃത്വത്തിൽ പണിമുടക്ക് നടന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ്. ഇക്കാര്യംകൂടി ഉന്നയിച്ചായിരുന്നു സമരം. ണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നു. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിർദേശം. വീഴ്‌ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |