കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവ മേളം ആസ്വദിക്കനെത്തിയവരുടെ ശ്രദ്ധയാകർഷിച്ചത് കുറുങ്കുഴൽ കലാകാരിയും തൃപ്പൂണിത്തുറ സ്വദേശിനിയുമായ ലക്ഷ്മി ദേവിയാണ്. സാധാരണ മേളത്തിൽ വനിതകൾ അപൂർവമായി മാത്രമാണ് കാണുന്നത്. എന്നാൽ മറ്റ് കലാകാരൻമാർക്കൊപ്പം മേളത്തിൽ ലയിച്ച് കുറുങ്കുഴൽ വായിക്കുന്ന ലക്ഷ്മിയുടെ പ്രകടനം കാഴ്ചക്കാരിൽ വിസ്മയം തീർത്തു.
ക്ഷേത്രനഗരിയായ തൃപ്പൂണിത്തുറയിൽ വളർന്നതിനാൽ മേളത്തോടും സംഗീതത്തോടും ചെറുപ്പം മുതലെ വലിയ ഇഷ്ടമായിരുന്നു ലക്ഷ്‌മിക്ക്. ചെണ്ട പഠിക്കണമെന്ന അതിയായ മോഹത്തെ തുടർന്ന് ശ്രീരഞ്ജിനി ബൈജു, ആർ.എൽ.വി മഹേഷ്കുമാർ എന്നീ ഗുരുക്കന്മാരിൽ നിന്ന് ചെണ്ട അഭ്യസിച്ച് അരങ്ങേറ്റവും കുറിച്ചു. എന്നാൽ എട്ട് കിലോയോളം തൂക്കം വരുന്ന ചെണ്ട മണിക്കൂറുകളോളം തൂക്കിയിട്ട് നിൽക്കുന്നതിലുള്ള പ്രയാസത്തെതുടർന്നാണ് മേളത്തിന് അഭിമുഖമായി നിൽക്കാൻ കഴിയുന്ന കുറുങ്കുഴൽ പഠിക്കാൻ തീരുമാനിച്ചത്. പുതിയകാവ് അൻപുനാഥ് ആശാനാണ് ഗുരുനാഥൻ. അങ്ങനെ ഏറെ പ്രിയപ്പെട്ട മേളത്തിൽ തന്റേതായ സാന്നിദ്ധ്യം തെളിയിക്കുകയാണ് ഈ കലാകാരി.
കൊമ്പത്ത് അനിലേട്ടനും വെളപ്പായ നന്ദനുമാണ് കേമൻമാർ എന്ന് ലക്ഷ്മി പറയുന്നു. ഇവർ സഹകലാകാരൻമാർക്ക് നൽകുന്ന പിന്തുണ വലിയ പ്രചോദനമാണ്. പെരുവനം-ചെറുശേരി കുട്ടൻമാരാർ, കിഴക്കൂട്ട് അനിയൻമാരാർ, പെരുവനം സതീശൻ, തിരുവല്ല രാധാകൃഷ്ണൻ, ചൊവ്വല്ലൂർ മോഹനവാര്യർ, മോഹനൻ നായർ, ഗുരുവായൂർ സുനിൽ, പഴവിൽ രഘു തുടങ്ങിയ പ്രമുഖർക്കൊപ്പം മേളത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് ലക്ഷ്മി പറയുന്നു. എം.ബി.എയിൽ ബിരുദമുള്ള ലക്ഷ്മി ശബരി ഡിസ്ട്രിബ്യൂഷൻ ഏലൂർ ബിസിനസ് മാനേജരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |