ഇത്തവണ പതിവിലും കൂടുതലായിരിക്കും ചൂടെന്ന് ഇപ്പോൾ തന്നെ കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ കൊടും ചൂട് മലയാളി അത്ര പെട്ടെന്നൊന്നും മറന്നുപോകില്ല. അന്ന് മാർച്ച് , ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെട്ട ചൂട് ഇപ്പോൾ തന്നെ അനുഭവപ്പെടുന്നുണ്ട്. ഫാനിട്ടാൽപ്പോലും വീട്ടിനുള്ളിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥ. കറണ്ട് ചാർജ് അടിക്കടി കൂട്ടുന്നതിനാൽ എസി ഉണ്ടെങ്കിലും ഓണാക്കാൻ വയ്യാത്ത അവസ്ഥ.
കാര്യങ്ങൾ ഇങ്ങനെയിരിക്കെ പൈസ ചെലവില്ലാതെ വീട് തണുപ്പിക്കാൻ ഒരു മാർഗം കിട്ടിയാലോ? സംഗതി ഒത്തിരി പഴയതാണെങ്കിലും നിരവധിപേർ പരീക്ഷിച്ച് വിജയിച്ചതാണ്. കുറച്ച് ഓലയും ചണം ചാക്കുകളും ആവശ്യത്തിന് വെള്ളവുമാണ് ഇതിന് ആകെ വേണ്ടത്. വീട് മൊത്തവും തണുപ്പിക്കാണെങ്കിൽ ഇവ കൂടുതൽ വേണ്ടിവരും. തണുപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്ത് ടെറസിൽ ചാക്കും ഓലയും നിരത്തിയിടുക. കട്ടിക്ക് ഇടാൻ പറ്റുമെങ്കിൽ അത്രയും നന്ന്. അതുകഴിഞ്ഞ് ടെറസിൽ നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള ഓടകൾ ഉണ്ടെങ്കിൽ ചോർച്ച ഒട്ടും ഇല്ലാതെ അവയെല്ലാം ഭദ്രമായി അടയ്ക്കണം. തുടർന്ന് ടെറസിൽ വെള്ളം നിറയ്ക്കുക.
ഓലയും ചാക്കും മുങ്ങാൻ തക്ക അളവിലുള്ള വെള്ളമാണ് വേണ്ടത്. ആദ്യത്തെ ഒന്നുരണ്ടുദിവസം കൂടുതൽ വെള്ളം വേണ്ടിവരും. ഓലയും ചാക്കും നന്നായി കുതിരുന്നതോടെ ടെറസ്: മൊത്തത്തിൽ തണുക്കും. ഒപ്പം മുറികളും തണുക്കും. ടെറസിൽ വെള്ളമൊഴിക്കാൻ പറ്റിയ സമയം സൂര്യനസ്തമിച്ചശേഷമാണ്. ഓലയ്ക്കും ചാക്കിനുമൊപ്പം ചിലയിടങ്ങളിൽ ഇഷ്ടികകളും ഉപയോഗിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |