ബീജിംഗ്: 680 രൂപയുടെ ലിപ് സ്റ്റഡും കമ്മലും വാങ്ങാൻ അമ്മയുടെ 1.16 കോടി വിലവരുന്ന ആഭരണങ്ങൾ വിറ്റ് കൗമാരക്കാരി. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. അമ്മയറിയാതെയാണ് കോടികൾ വിലവരുന്ന ആഭരണങ്ങൾ പെൺകുട്ടി വിറ്റത്.
പെൺകുട്ടിയുടെ അമ്മ വാങ്ങ്, പുട്ടുവോ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ വാൻലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് കള്ളി വെളിച്ചത്താവുന്നത്. ബ്രേസ്‌ലെറ്റുകൾ, മാലകൾ, രത്നക്കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ തുടങ്ങിയവയാണ് ലി എന്ന പെൺകുട്ടി മോഷ്‌ടിച്ചത്. ഉയർന്ന മൂല്യമുള്ള ആഭരണങ്ങളാണെന്ന് അറിയാതെയാണ് പെൺകുട്ടി ഇവയെ 680 രൂപയ്‌ക്ക് വിറ്റത്. മകളാണ് ഇവ മോഷ്‌ടിച്ചതെന്നും എന്തിനാണ് മോഷണം നടത്തിയതെന്ന് അറിയില്ലെന്നുമാണ് വാങ്ങ് പൊലീസിനോട് പറഞ്ഞത്.
ഒരാൾ ലിപ് സ്റ്റഡ് ഇട്ടിരിക്കുന്നത് കണ്ട് ഇഷ്‌ടപ്പെട്ട് തനിക്കും അതുപോലെ വേണമെന്ന് തോന്നി. അതിനാലാണ് അമ്മയുടെ ആഭരണങ്ങൾ മോഷ്‌ടിച്ചതെന്നും ലി പറഞ്ഞു. 340 രൂപയുടെ ഒരു ലിപ് സ്റ്റഡും 340 രൂപ വിലവരുന്ന മറ്റൊരു കമ്മലും ആഭരണങ്ങൾ വിറ്റുകിട്ടിയ പണത്തിന് വാങ്ങിയെന്നും ലി പൊലീസിനോട് പറഞ്ഞു. ആഭരണങ്ങൾ വിറ്റ കട കണ്ടെത്തി പൊലീസ് ആഭരണങ്ങളെല്ലാം ഉടൻ തന്നെ വീണ്ടെടുത്തു.
സംഭവം പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് വാർത്ത പങ്കുവച്ചത്. ധാരാളം നെഗറ്റീവ് കമന്റുകളും വന്നു.' ഇത്രയും സമ്പത്തുള്ള മാതാവ് എന്തുകൊണ്ട് കുട്ടിക്ക് അൽപ്പം പോക്കറ്റ് മണി നൽകിയില്ല, ഒരു ലിപ് സ്റ്റഡ് വാങ്ങാൻ ഇത്രയും വലിയ മോഷണം നടത്തിയെങ്കിൽ ആ കുട്ടിയെ നിങ്ങൾ ഇനി നല്ല രീതിയിൽ ശ്രദ്ധിക്കണം', തുടങ്ങിയ കമന്റുകളാണ് വന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |