ചെറിയുള്ളിയും സവാളയുമൊക്കെ മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത സാധനങ്ങളാണ്. തോരൻ വയ്ക്കാനും, മുട്ടറോസ്റ്റ് ഉണ്ടാക്കാനുമൊക്കെ ഇവ നമുക്ക് ആവശ്യമാണ്. പച്ചക്കറികളൊക്കെ കേടാകാതിരിക്കാൻ നമ്മൾ ഫ്രിഡ്‌ജിലാണ് സൂക്ഷിക്കാറുള്ളതെങ്കിലും ഉള്ളി ഫ്രിഡ്‌ജിൽ വയ്ക്കുന്നത് നല്ലതല്ലെന്നാണ് പറയാറ്. അതിനാൽത്തന്നെ ഫ്രിഡ്‌ജിന് പുറത്താണ് ഇവ സൂക്ഷിക്കാറ്.
പലപ്പോഴും ചെറിയുള്ളിയിലും സവാളയിലുമൊക്കെ പെട്ടെന്ന് മുള വരുന്നത് കാണാറുണ്ട്. അങ്ങനെ മുള വന്നുകഴിഞ്ഞാൽ പിന്നെ ഇവ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പറയപ്പെടുന്നത്. ഉള്ളിയും സവാളയുമൊക്കെ ചീഞ്ഞുപോകുന്നതും കാണാറുണ്ട്. ഇവ ചീത്തയാകാതെ എങ്ങനെ ദീർഘനാൾ സൂക്ഷിക്കാം?
പലരും ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ചാണ് സൂക്ഷിക്കാറ്. മുള വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഇവ ഒരു കാരണവശാലും ഒന്നിച്ച് സൂക്ഷിക്കരുത്. ഉള്ളി സൂക്ഷിക്കുന്നയിടത്ത് വെള്ളത്തിന്റെ അംശം വരാതെ നോക്കണം. നനവ് വന്നാൽ പെട്ടെന്ന് ചീഞ്ഞ് പോകാനും മുളവരാനും സാദ്ധ്യതയുണ്ട്.
വായു സഞ്ചാരമുള്ളിടത്ത് വേണം സവാളയും ചെറിയുള്ളിയും വെളുത്തുള്ളിയുമൊക്കെ സൂക്ഷിക്കാൻ. എന്നാൽ അധികം സൂര്യപ്രകാശമേൽക്കുന്നയിടങ്ങളിൽ വയ്ക്കരുത്. പകുതി ഉപയോഗിച്ച ശേഷമുള്ള സവാള സൂക്ഷിക്കേണ്ട സന്ദർഭങ്ങളുണ്ടാകാറുണ്ട്. വായു ഒട്ടും കടക്കാത്ത ഒരു കുപ്പിയിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ ഒരുപാട് ദിവസം ഇങ്ങനെ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കഴിവതും മുറിച്ചുവച്ച സവാള എത്രയും വേഗം ഉപയോഗിക്കുക.
സവാളയും ചെറിയുള്ളിയുമൊക്കെ ഒരുപാട് വാങ്ങി സൂക്ഷിക്കുന്നതിന് പകരം രണ്ടോ മൂന്നോ ദിവസത്തേക്കുള്ളത് വാങ്ങി, അത് തീരുമ്പോൾ വീണ്ടും വാങ്ങുന്നതായിരിക്കും നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |