ആറ്റിങ്ങൽ: ആറ്റിങ്ങൽ, മംഗലപുരം, കടയ്ക്കാവൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വില്പന നടത്തിയ സംഘത്തിലെ രണ്ട് പ്രതികളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ (25) നൗഫലിന് ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ എത്തിച്ചു നൽകുന്ന തിരുവനന്തപുരം അണ്ടൂർകോണം കീഴാവൂർ എം.ആർ മൻസിലിൽ മുഹമ്മദ് മുഹ്സിൻ(23) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. മംഗലപുരത്തുള്ള സ്വകാര്യ കോളേജ്, ടെക്നോസിറ്റി,ആറ്റിങ്ങൽ,നഗരൂർ എന്നിവിടങ്ങളിലെ കോളേജുകളിലും കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രതികളാണിവർ. ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശിയായ തോന്നയ്ക്കലിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥി ലഹരി ഉപയോഗിക്കുന്നതായി വീട്ടുകാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികലെ പിടകൂടിയത്.
പ്രതികളിൽ നിന്ന് 2 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും കണ്ടെത്തി.
ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ.എസ്,എസ്.എച്ച്.ഒ ഗോപകുമാർ.ജി,എസ്.ഐമാരായ ജിഷ്ണു എം.എസ്, ബിജു.എ. ഹക്ക്, എ.എസ്.ഐമാരായ രാധാകൃഷ്ണൻ,ഉണ്ണിരാജ്,എസ്.സി.പി.ഒമാരായ ഷംനാദ്,പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി ആവശ്യപ്രകാരം യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നു. അറസ്റ്റ് ചെയ്ത നൗഫലിന് പേട്ട പൊലീസ് സ്റ്റേഷനിൽ 2020ൽ കൊല്ലം സ്വദേശികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 2022ൽ മംഗലപുരം പൊലീസ് സ്റ്റേഷനിൽ 6 വാളുകൾ കൈവശം വച്ചതിനും കേസുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളുടെ കൈയ്യിൽ നിന്നും ലഭിച്ച ഫോണുകളിൽ വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യുവതികളുമായി വിനോദ സഞ്ചാരത്തിന് പോയി മയക്ക് മരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |