വിലകുറഞ്ഞ് എന്തു കിട്ടിയാലും മലയാളി വിട്ടുകളയാറില്ല. ഈ തന്ത്രമാണ് തട്ടിപ്പുകാരനും മുതലെടുത്തത്. തൊടുപുഴ സ്വദേശിയായ 26 കാരൻ നടത്തിയ തട്ടിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ആയിരം കോടിയോളം രൂപയാണ് തട്ടിയെടുത്തത്. കണ്ണൂർ ജില്ലയിൽ മാത്രം പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത കേസിൽ 2500ന് മുകളിൽ പരാതികളാണ് ലഭിച്ചത്. സ്ത്രീ ശാക്തീകരണം എന്ന പേരിൽ ജനപ്രതിനിധികളെ അടക്കം തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിറുത്തി. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് കമ്പനിയെന്ന വ്യാജേന കണ്ണൂർ സീഡ് സൊസൈറ്റി എന്ന പേരിലാണ് സാധാരണക്കാരായ സ്ത്രീകളെ തട്ടിപ്പിനിരയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികളുടെ പ്രവാഹമായിരുന്നു. കണ്ണൂർ കമ്മീഷണർ ഓഫീസിൽ പരാതിക്കാരുടെ നീണ്ടനിര തന്നെ എത്തി. പലർക്കും അറുപതിനായിരത്തിനും മുപ്പതിനായിരത്തിനും മുകളിൽ പണം നഷ്ടപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിൽ അനന്തു കൃഷ്ണൻ അറസ്റ്റിലായതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് പലരും തിരിച്ചറിയുന്നത്.
വിവിധ ജില്ലകളിൽ നിന്നായി തട്ടിപ്പിന് ഇരയായവർ നൂറുകണക്കിന് പരാതികളുമായി രംഗത്തെത്തിയതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുളള ആലോചനയിലാണ് പൊലീസ്. സ്ത്രീശാക്തീകരണത്തിനായി പകുതിവിലയ്ക്ക് ഇരുചക്രവാഹനങ്ങൾ, ലാപ്‌ടോപ്, ഗൃഹോപകരണങ്ങൾ, തയ്യൽ മെഷീനുകൾ എന്നിവ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾക്കും പ്രൊമോട്ടർമാരായി ഉള്ളവർ പദ്ധതിയെക്കുറിച്ചുള്ള വിശദമായ ക്ലാസും നൽകുകയുണ്ടായി. പിന്നീടങ്ങോട്ട് ഈ വിശ്വാസം മുതലെടുത്ത് വലിയ തട്ടിപ്പുകൾ നടത്തുകയായിരുന്നു. സ്കൂട്ടർ ലഭിക്കുന്നതിന് മുൻപ് തന്നെ പകുതി വിലയ്ക്ക് ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ നൽകാമെന്ന് പറഞ്ഞ് പുഴാതി സ്വദേശിയായ വീട്ടമ്മയെ ഉൾപ്പെടെ നിരവധി പേരെ ഇത്തരത്തിൽ പറ്റിച്ചു. വളപട്ടണം സ്വദേശിനി ഫൗസിയക്ക് 29,000 രൂപ ഹോം അപ്ലയൻസിന്റെ പേരിലും 40,000 രൂപ സ്കൂട്ടർ തട്ടിപ്പിന്റെ പേരിലും നഷ്ടമായിട്ടുണ്ട്. ഒരു മാസം മുൻപമാണ് ഇവർ പറ്റിക്കപ്പെട്ടത്.
പൊലീസുകാർ, അങ്കണവാടി അദ്ധ്യാപികമാർ, സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ സൊസൈറ്റിയുടെ കൂടെ നിറുത്തുകയുണ്ടായി. ആദ്യം കമ്പനിയിൽ അംഗമാകുന്നതിന് 320 രൂപയുടെ മെമ്പർഷിപ്പെടുപ്പിച്ചു. പിന്നീട് ഒരോ ഉത്പ്പന്നങ്ങളുടേയും ഓഫറുകളുടേയും പേരിൽ ഇവരെ കബളിപ്പിക്കുകയായിരുന്നു. ഓണക്കിറ്റ്, സ്കൂൾ കിറ്റ് എന്നിങ്ങനെ നൽകി സ്ത്രീകളുടെ വിശ്വാസം പിടിച്ച് പറ്റിയതിന് ശേഷമായിരുന്നു തട്ടിപ്പ്. 1000 രൂപയ്ക്ക് 2000 രൂപയുടെ പഠനോപകരണങ്ങൾ നൽകി. സംഭവത്തിൽ മയ്യിൽ, വളപട്ടണം, ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൂടുതൽ കേസുകൾ വന്നുകൊണ്ടിരിക്കുകയാണ്. സീഡ് സൊസൈറ്റിയുടെ ജില്ലാ പ്രൊമോട്ടറായ രാജാമണിക്കെതിരേ ചക്കരക്കൽ പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പരാതികളാണ് പ്രതിദിനം വരുന്നതെന്നും പൊലീസ് പറഞ്ഞു. അതേസമയം, പരാതിയിൽ പേര് നൽകുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. രാജാമണിക്കെതിരെ കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ചക്കരക്കല്ലിൽ മാത്രമാണ് ഒരു കേസെടുത്തതെന്ന് പരാതിക്കാർ പറഞ്ഞു.
സിറ്റി പൊലീസ് പരിധിയിൽ പ്രധാനമായും വളപട്ടണം, മയ്യിൽ, കണ്ണൂർ ടൗൺ എന്നീ മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സീഡ് സൊസൈറ്റിയുമായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ ലഭിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിതിൻ രാജ് പറഞ്ഞു. പ്രമോട്ടർമാർ ഒരുപാടു പേർ ഇരയാണ് എന്നതാണ് പ്രാഥമികമായിട്ടുള്ള അന്വേഷണത്തിൽ മനസിലായത്. ലഭിച്ചിരിക്കുന്ന പരാതിയിൽ പ്രധാനമായും മുമ്പ് ഇതുമായി ബന്ധപെട്ട ക്ലാസുകൾ നൽകുകയും ജില്ലാ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപെട്ട പ്രോഗ്രാമുകൾ നടത്താൻ സംസ്ഥാന തലത്തിലുള്ള കോഡിനേറ്റർമാർ എന്ന തരത്തിൽ പരിചയപ്പെടുത്തിയ ആളുകളെയുമാണ് പ്രതിചേർത്തിരികുന്നത്.
കോൺഗ്രസ് നേതാവിന്
എതിരെയും കേസ്
സീഡ് സൊസൈറ്റിയുടെ സെക്രട്ടറി എ. മോഹനന്റെ പരാതിയിലാണ് കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് ഉൾപ്പെടെ ഏഴു പേർക്കതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സീഡ് ചീഫ് കോ-ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ. അനന്ത കുമാർ, എൻ.ജി.ഒ ഫെഡറേഷൻ ചെയർപേഴ്‌സൺ ഡോ. ബീന സെബാസ്റ്റ്യൻ, സീഡ് ചെയർപേഴ്‌സൺ ഷീബ സുരേഷ്, സെക്രട്ടറി കെ.പി. സുമ, വൈസ് പേഴ്‌സൺ ഇന്ദിര, ലീഗൽ അഡ്വൈസർ ലാലി വിൻസെന്റ് എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. കേസിൽ തനിക്ക് പങ്കില്ലെന്ന് കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് പറഞ്ഞു. താൻ അനന്തുകൃഷ്ണന്റെ വക്കീൽ മാത്രമാണെന്നും അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകൾ ഇതിന് മുമ്പും കൈകാര്യം ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. സോഷ്യോ എക്കണോമിക് ആൻഡ് എൻവിയോൺമെന്റൽ ഡെവലപ്മെന്റ് സൊസൈറ്റി അഥവാ സീഡ് കേരളം മുഴുവൻ പടർന്നു കിടക്കുന്നതാണ്. അതിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്. പ്രമുഖരായ ഒരു പാടുപേരുണ്ട്. അനന്തുകൃഷ്ണന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല. മുമ്പ് വനിതാ കമ്മീഷൻ അംഗമായിരുന്ന പ്രമീളാ ദേവിയുടെ കൂടെ സ്റ്റാഫായിരുന്നു. പിന്നീട് പ്രമീളാ ദേവി ബി.ജെ.പിയിലേക്ക് പോയെന്നും അനന്തുകൃഷ്ണന്‍ ബിസിനസുമായി മുന്നോട്ടുപോയെന്നുമാണ് തന്നോട് പറഞ്ഞത്. കൂടുതൽ പഠിച്ചു കഴിഞ്ഞാൽ പരാതികളെ കുറിച്ച് തനിക്ക് ബോദ്ധ്യപ്പെടുമായിരിക്കുമെന്നും ലാലി കൂട്ടിച്ചേർത്തു.
സീഡ് ഓഫീസ് സീൽ ചെയ്തു
2500 ലേറെ പരാതികളിലായി മൂന്നുകോടിയിലേറെ രൂപ ജില്ലയിൽ നിന്ന് നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ 416 പരാതികൾ, സിറ്റി പൊലീസ് സ്റ്റേഷനിൽ 700, തളിപ്പറമ്പ് 60, ഇരിക്കൂറിൽ 60, മയ്യിലിൽ 400 എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം. പരാതിയെ തുടർന്ന് ജില്ലയിലെ സീഡിന്റെ ഓഫീസ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ റെയ്ഡ് ചെയ്ത് സീൽ ചെയ്തു. ഒരു വിഭാഗം പേർ രേഖാ മൂലം പരാതി നൽകുന്നില്ല. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റൽ സ്റ്റഡീസിനു കീഴിലുള്ള സൊസൈറ്റികൾ വഴിയാണു സംസ്ഥാനത്തുടനീളം തട്ടിപ്പുനടന്നത്. ജില്ലയിൽ രൂപീകരിച്ച സോഷ്യോ ഇക്കണോമിക് ആൻഡ് എൻവെയേൺമെന്റ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ജില്ലയിൽ 2023 ഏപ്രിലിലാണ് സീഡ് സൊസൈറ്റി രൂപീകരിച്ചത്.
നിരവധി ഡിജിറ്റൽ തട്ടിപ്പുകളും അനുദിനമുണ്ടാകുന്ന കേരളം വീണ്ടും തട്ടിപ്പുകളുടെ വിളനിലമാകുന്നതായാണ് ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നത്. ഇത്തരം തട്ടിപ്പുകളെ സ്വയം മനസിലാക്കി പിന്തിരിയുകയാണ് തട്ടിപ്പിൽ നിന്നു പിന്തിരിയാനുള്ള ഏക പോം വഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |