വെള്ളറട: വൃദ്ധനായ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെയാണെന്ന് പൊലീസ്. പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തുപോയതാണെന്നും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നുമുള്ള മകൻ പ്രജിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. രാത്രി 9.30ഓടെ പുറത്തുപോയിവന്ന പ്രജിൻ ഹാളിൽ കിടക്കുകയായിരുന്ന ജോസിനെ കരുതിക്കൂട്ടിയാണ് വെട്ടിയതെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് നിരവധി തവണ കഴുത്തിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. വെള്ളറട കിളിയൂർ ചരുവിളാകം ബംഗ്ലാവിൽ ജോസിനെയാണ് (70), ബുധനാഴ്ച രാത്രി 9.30ഓടെ മകൻ പ്രജിൻ (29) വെട്ടിക്കൊലപ്പെടുത്തിയത്. ജോസും ഭാര്യ സുഷമകുമാരിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവിനെ വെട്ടുന്നതുകണ്ട് മാതാവ് മകനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തിനുശേഷം പ്രജിൻ വെള്ളറട പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു. ജീവിക്കാനാവശ്യമായ സ്വാതന്ത്ര്യവും പണവും അച്ഛൻ തരാത്തതിൽ പെട്ടെന്നുതോന്നിയ വിരോധമാണ് കാരണമെന്നാണ് ഇയാൾ മൊഴി നൽകിയത്.
ആവർത്തിച്ചുള്ള ചോദ്യംചെയ്യലിൽ മറ്റൊന്നും വിട്ടുപറയാൻ പ്രതി തയ്യാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ചൈനയിൽ എം.ബി.ബി.എസ് പഠനത്തിനുപോയ പ്രജിൻ കൊവിഡ് ബാധയെ തുടർന്ന് നാട്ടിലെത്തി. പിന്നീട് പഠനം തുടർന്നില്ല. ചൈനയിൽ കൊണ്ടുപോയ ഏജന്റിന് വീട്ടുകാർ ഫീസും പണവുമെല്ലാം നൽകിയെങ്കിലും കോളേജിൽ മുഴുവൻ തുകയും അടച്ചിട്ടില്ല. അതിനാൽ ഇയാളുടെ സർട്ടിഫിക്കറ്റുകൾ ചൈനയിലെ കോളേജിലാണുള്ളത്. ഇത് ലഭിക്കാത്തതിന്റെ മനോവിഷമമുണ്ടായിരുന്നെന്നും കോളേജിൽ പണമടച്ച് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് നിരവധിതവണ അച്ഛനോട് ആവശ്യപ്പെട്ടിരുന്നതായും പ്രതി പറയുന്നു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകുമെന്ന് വെള്ളറട സി.ഐ വി.പ്രസാദും എസ്.ഐ റസൽ രാജും പറഞ്ഞു.
നടുക്കം വിട്ടുമാറാതെ കിളിയൂർ ഗ്രാമം
അർദ്ധരാത്രിയോടെ ഉണ്ടായ അരുംകൊലയുടെ നടുക്കത്തിലാണിപ്പോഴും കിളിയൂർ ഗ്രാമം. ബുധനാഴ്ച രാത്രി എല്ലാവരും ഉറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ അടുക്കളയിൽ ചോരവാർന്ന് മരിച്ചുകിടന്ന ജോസിനെയും, മൃതദേഹത്തിനരികിൽ ബോധരഹിതയായിരുന്ന സുഷമയേയുമാണ് കണ്ടത്. ചൈനയിൽ എം.ബി.ബി.എസ് പഠനത്തിനായി പോയി തിരിച്ചെത്തിയ പ്രജിൻ നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ലാതെയാണ് കഴിഞ്ഞിരുന്നത്. സുഷമ ദീർഘകാലം ഇസ്രയേലിലെ നഴ്സായി ജോലിചെയ്തിരുന്നു. ജോസിന്റെ മൃതദേഹം ഇന്നലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് കൈമാറി. പാറശാല ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജോസിന്റെ ചേട്ടന്റെ മകൻ വിദേശത്തുനിന്നും എത്തുന്നതോടെ ഇന്ന് സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |