വാഷിംഗ്ടൺ: ഗാസയെ യു.എസ് ഏറ്റെടുക്കുമെന്ന നിലപാട് വീണ്ടും ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.. യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഗാസയെ ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് അവകാശപ്പെട്ടു. അപ്പോഴേക്കും ഗാസയിലെ ജനങ്ങളെ മേഖലയിൽ പുതിയതും ആധുനികവുമായ വീടുകളുള്ള,കൂടുതൽ സുരക്ഷിതവും മനോഹരവുമായ സമൂഹങ്ങളിലേക്ക് പുനരധിവസിപ്പിച്ചു കഴിഞ്ഞിരിക്കും. അതിനാൽ,യു.എസ് സൈന്യത്തിന്റെ ഇടപെടൽ ആവശ്യമായി വരില്ലെന്നും ട്രംപ് പറഞ്ഞു.
ബുധനാഴ്ച വാഷിംഗ്ടണിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗാസയെ യു.എസ് ഏറ്റെടുക്കുമെന്നും പാലസ്തീനികളെ മറ്റിടങ്ങളിലേക്ക് മാറ്റണമെന്നും ട്രംപ് പറഞ്ഞത് വിവാദമായിരുന്നു. ട്രംപിന്റെ പ്രസ്താവനയെ അപലപിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഗാസയുടെ പുനർനിമ്മാണത്തിന് പാലസ്തീനികളെ താത്കാലികമായി മാറ്റണമെന്നാണ് ട്രംപ് ഉദ്ദേശിച്ചതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ അടക്കം യു.എസ് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. അതേസമയം ഗാസയിൽ നിന്ന് സ്വമേധയാ ഒഴിഞ്ഞുപോകാൻ ആഗ്രഹിക്കുന്ന ജനങ്ങൾക്ക് അതിനുള്ള അവസരമൊരുക്കാൻ തയ്യാറെടുക്കണമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം സൈന്യത്തിന് നിർദ്ദേശം നൽകി. ഇതിനുള്ള പദ്ധതി രൂപീകരിക്കും.
യു.എസിലേക്ക് അനധികൃതമായി കുടിയേറിയ എല്ലാവരെയും നാടുകടത്തുന്നത് തുടരുമെന്നും ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റത്തിൽ മുന്നിലുള്ള രാജ്യങ്ങളിലെ പൗരന്മാരെയാണ് നിലവിൽ സൈനിക വിമാനങ്ങളിൽ യു.എസ് നാടുകടത്തുന്നത്. യു.എസിൽ അനധികൃതമായി കടന്നുകയറിയ ഏകദേശം 15 ലക്ഷം പേരെയാണ് പുറത്താക്കുക. ഇതിൽ 18,000ത്തോളം ഇന്ത്യക്കാരുണ്ട്. യു.എസിലെ അനധികൃത കുടിയേറ്റക്കാരിൽ മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും പിന്നിലാണ് ഇന്ത്യക്കാരെന്നാണ് കണക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |