കൊച്ചി: അനന്തുകൃഷ്ണൻ വിതരണം ചെയ്ത സ്കൂട്ടറും ഗൃഹോപകരണങ്ങളും തൊണ്ടിമുതലെന്ന നിലയിൽ പിടിച്ചെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഇയാളുടെയും വിവിധ ട്രസ്റ്റുകളുടെ പേരിലുള്ള പതിനൊന്ന് അക്കൗണ്ടുകളിൽ ഏറെയും ചില്ലിക്കാശുപോലും ഇല്ലാത്ത അക്കൗണ്ടുകളാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇവ തൊണ്ടിമുതലാക്കാമോ എന്നു പരിശോധിച്ചത്.
വാഹനങ്ങളും ഗൃഹോപകരണങ്ങളും മറ്റും വാങ്ങാൻ സംഘാടകർ നിർദേശിച്ച അക്കൗണ്ടുകളിലേക്കാണ് പണം നൽകിയത്. പരസ്യത്തിലൂടെയും ഏജന്റുമാരിലൂടെയും പണംനൽകി വാങ്ങിയവ തൊണ്ടി മുതലാക്കാനാകില്ല. വാങ്ങിയവർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കില്ല. സാമ്പത്തികശേഷി കുറഞ്ഞവരുടെ ഉന്നമനത്തിനാണ് വുമൺ ഓൺ വീൽസ് എന്ന പദ്ധതി പ്രഖ്യാപിച്ച് വാഹനങ്ങൾ നൽകിയതെങ്കിലും ഉപയോഗപ്പെടുത്തിയവരിൽ ഏറെയും സമ്പന്നരും സ്വാധീനശേഷിയുള്ളവരുമാണ്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇയാളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ച ചീഫ് അക്കൗണ്ടന്റിനെ ഇന്ന് ചോദ്യം ചെയ്യും. ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാളാണ് വിവിധ ട്രസ്റ്റുകളുടെയും മറ്റ് ഓഫീസുകളുടെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്.
എത്ര പേർക്ക് വാഹനങ്ങൾ നൽകിയെന്ന് അറിയില്ല
തന്റെ സ്ഥാപനങ്ങൾ മുഖേന എത്രപേർക്ക് വാഹനങ്ങൾ നൽകിയെന്ന് അറിയില്ലെന്ന് അനന്തകൃഷ്ണൻ പൊലീസിനോട് പറഞ്ഞു. അപേക്ഷിച്ചവരിൽ 30 ശതമാനം പേർക്ക് വാഹനങ്ങൾ നൽകിയിട്ടുണ്ടെന്നാണ് ഇന്നലെ നടന്ന ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്.
അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച അനന്തകൃഷ്ണനുമായി പരമാവധി ഓഫീസുകളിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് പദ്ധതി. തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. ഓഫീസുകളിൽനിന്ന് ഫയലുകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും നേരത്തെതന്നെ ജീവനക്കാർ മാറ്റിയിരുന്നു. ഇവ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. അക്കൗണ്ടുകൾ തുടങ്ങിയ കാലം മുതലുള്ള മുഴുവൻ ഇടപാടുകളുടെയും വിശദവിവരങ്ങൾ ആവശ്യപ്പെട്ട് ബാങ്കുകൾക്കും നോട്ടീസ് നൽകി.
ചോദ്യംചെയ്യലിൽ അനന്തു സഹകരിക്കുന്നുണ്ടെങ്കിലും പഠിച്ചുവച്ച പോലെയാണ് മറുപടികളെന്ന് പൊലീസ് പറയുന്നു. ഈരാറ്റുപേട്ട ടൗണിനോട് ചേർന്ന് 90 ലക്ഷംരൂപ വിലവരുന്ന സ്ഥലമുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നതായി കരുതുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ഇനി കണ്ടെത്താനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |