കല്ലറ: നിലവിൽ വിപണിയിൽ വെറ്റിലയ്ക്ക് അത്യാവശ്യം വില ലഭിക്കുന്നുണ്ട്. എന്നാൽ വേനൽ തുടങ്ങിയപ്പോൾ തന്നെ വെറ്റിലക്കൊടിയെല്ലാം കരിഞ്ഞുണങ്ങാൻ തുടങ്ങി. വിപണിയിൽ എത്തിക്കാൻ ആവശ്യത്തിന് വെറ്റില കിട്ടാനില്ലാത്ത അവസ്ഥയിലാണ് കർഷകർ. വിപണിയിൽ വില ഇടിയാൻ തുടങ്ങിയപ്പോൾ പലരും വെറ്റിലക്കൃഷി നിറുത്തിയിരുന്നു. ആയുർവേദ ഉത്പന്നങ്ങളിലെ പ്രധാന ഘടകമായ വെറ്റില കിട്ടാതായതോടെ ഡിമാന്റും കൂടി. ഒപ്പം വിലയും. മറ്റ് വിളകൾക്ക് കർഷകർക്ക് കിട്ടുന്ന ആനുകൂല്യങ്ങളോ സ്ഥിര വിപണിയോ കർഷകർക്ക് കിട്ടാത്തതിനാൽ വെറ്റിലക്കൃഷി പലപ്പോഴും നഷ്ടമായിരിക്കും. ഒപ്പം പാൻമസാലകളുടെ കടന്നുവരവു കൂടിയായതോടെ വെറ്റിലയ്ക്ക് വലിയ റോളില്ലാതായി. എന്നാൽ കെട്ടിന് 100ന് താഴെയായിരുന്ന വില ഇപ്പോൾ 150ഓടെ അടുത്തിട്ടുണ്ട്.
കർഷകർ പിന്നോട്ട്
കിളിമാനൂർ,കല്ലറ,വെഞ്ഞാറമൂട്,വാമനപുരം നെടുമങ്ങാട് എന്നിവിടങ്ങളിലെ ചന്തകളിലാണ് പ്രധാനമായും വെറ്റില വ്യാപാരം നടക്കുന്നത്. ആഴ്ചയിൽ ഒരിക്കലാണ് വെറ്റില വിളവെടുപ്പ്. ആഴ്ചതോറും വരുമാനം കിട്ടുന്ന കൃഷിയായതിനാൽ ധാരാളം പേർ ഉപജീവനമാർഗമായി ഇതിനെ കണ്ടിരുന്നു. എന്നാൽ വിലസ്ഥിരത ഇല്ലാത്തതും രോഗബാധയും കർഷകരെ പിൻതിരിപ്പിച്ചു.
സൂക്ഷിക്കാം രോഗങ്ങളെ
വെറ്റിലക്കൃഷിയെ പ്രധാനമായും ബാധിക്കുന്ന രണ്ട് രോഗങ്ങളാണ് മൊസൈക്ക് രോഗവും ഇലപ്പുള്ളിരോഗവും.
മൊസൈക്ക് രോഗം
ഇലകൾ മഞ്ഞനിറത്തിലായി ചുരുങ്ങുന്നതാണ് ലക്ഷണം. മൊസൈക്ക് രോഗം പിടിപെട്ട ചെടികൾ വെട്ടി നശിപ്പിക്കുക മാത്രമാണ് പ്രതിവിധി. വേപ്പധിഷ്ഠിത കീടനാശിനികളുടെ ഉപയോഗം, ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാൻ തളിക്കാം.
ഇലപ്പുള്ളി രോഗം
ഇലയുടെ അടിഭാഗത്ത് വെള്ളം നനഞ്ഞതുപോലെയുള്ള പാടുകളും ഇലയിൽ മഞ്ഞക്കുത്തുകളും രൂപപ്പെടും. ഇവ പിന്നീട് വലുതായി ഇല മൊത്തം വ്യാപിച്ച് ഇല കരിഞ്ഞുണങ്ങും. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുക, സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധം തളിക്കുക എന്നിവയാണ് പ്രതിരോധമാർഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |