കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ചിയാട് കടുവകൾ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദഗ്ദ്ധസമിതി പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി. ഒരു വയസുള്ള ഒരു ആൺ കടുവക്കുട്ടിയും ഒരു പെൺ കടുവക്കുട്ടിയുമാണ് ചത്തത്. മുതിർന്ന ആൺ കടുവയുടെ ആക്രമണത്തിൽ ഇരു കടുവക്കുഞ്ഞുങ്ങൾക്കും ജീവൻ നഷ്ടമായതായാണ് നിഗമനം. വനംവകുപ്പ് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് രണ്ട് കടുവകളെ അടുത്തടുത്തായി ചത്തനിലയിൽ കണ്ടെത്തിയത്. ആൺ കടുവക്കുട്ടിയുടെ ജഡം മയ്യക്കൊല്ലിയിൽ റോഡരികിൽ തന്നെയായിരുന്നു. 50 മീറ്റർ അകലെ പെൺ കടുവക്കുട്ടിയേയും ചത്ത നിലയിൽ കണ്ടെത്തി. ഇരു കടുവകൾക്കും ശരീരത്തിൽ ഒന്നിലധികം മുറിവുകൾ കണ്ടെത്തി.
കടുവകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ബുധനാഴ്ച മറ്റൊരു കടുവയെ കൂടി ഓടത്തോടിന് സമീപം ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഈ സ്ഥലത്ത് ഇന്ന് വിദഗ്ദ്ധസമിതി പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കും. ഒരേ ദിവസം മൂന്നു കടുവകൾ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |