കൊല്ലം: ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കൊല്ലത്ത് നടന്ന പരിശോധനയിൽ വ്യാജ സോപ്പ് പിടികൂടി. രണ്ട് പ്രമുഖ ബ്രാൻഡുകളുടെ ആയിരം കട്ട വ്യാജ സോപ്പ് പിടിച്ചെടുത്തത്. ആണ്ടാമുക്കത്ത് പ്രവർത്തിക്കുന്ന സോപ്പ് മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്നാണ് വ്യാജ സോപ്പുകൾ കണ്ടെടുത്തത്.
ഇരു ബ്രാൻഡുകളുടെയും അതേ നിറവും മണവുമുള്ള സോപ്പ് കട്ടകളാണ് കണ്ടെടുത്തത്. യഥാർത്ഥ സോപ്പുകളിലേത് പോലെ വ്യാജനിൽ പേര് ആലേഖനം ചെയ്തിട്ടില്ല. പ്ലാസ്റ്റിക് കവറിലാണ് പൊതിഞ്ഞിരുന്നത്.
പൊതുവിപണിയിൽ ഉയർന്ന വിലയുള്ള ബ്രാൻഡുകളുടെ വ്യാജൻ ആണ്ടാമുക്കത്തെ മൊത്ത വിതരണക്കാരൻ പത്ത് രൂപയ്ക്കാണ് ചില്ലറ കച്ചവടക്കാർക്ക് നൽകുന്നത്. അവർ 35 രൂപയ്ക്കാണ് ഉപഭോക്താക്കൾക്ക് വിൽക്കുന്നത്. എന്നാൽ മൊത്ത വ്യാപാരിയിൽ നിന്ന് ഏറ്റെടുത്ത് വമ്പൻ ബ്രാൻഡുകളുടെ കവർ വ്യാജമായി നിർമ്മിച്ച് വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവുമുണ്ട്. പാലക്കാട്ടെ സോപ്പ് നിർമ്മാണ കമ്പനിയിൽ നിന്ന് എത്തിച്ചതാണെന്നാണ് മൊത്ത വ്യാപാരി ഉദ്യോഗസ്ഥരോട് പറഞ്ഞത്.
പേരും ലേബലുമുള്ള മറ്റൊരു സോപ്പിന്റെ ശേഖരവും ഇവിടെ നിന്ന് കണ്ടെടുത്തു. ഇതിന്റെ സാമ്പിൾ ശേഖരിച്ച ഉദ്യോഗസ്ഥർ തങ്ങൾ തന്നെ നിർമ്മിച്ചതാണോയെന്ന് അറിയാൻ കമ്പനിക്ക് കൈമാറും. ഡ്രഗ്സ് കൺട്രോൾ വകുപ്പ് കൊല്ലം റീജിണൽ ഡ്രഗ്സ് ഇൻസ്പെക്ടർ എ.സജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |