മലപ്പുറം: റേഷൻ കടകൾ വഴി കുറഞ്ഞ നിരക്കിൽ കുടിവെള്ളം എത്തിക്കുന്ന 'സുജലം' പദ്ധതി ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോഴും നടപ്പിലായത് പൊന്നാനി താലൂക്കിലെ അഞ്ച് റേഷൻ കടകളിൽ മാത്രം. ജലസേചന വകുപ്പ് മുഖേന വിവിധ ഏജൻസികളെ നിയോഗിച്ചാണ് കുടിവെള്ള വിതരണം നടത്തേണ്ടത്. സാമ്പത്തിക ലാഭമില്ലാത്തതിനാൽ ഏജൻസികൾ താലപര്യം പ്രകടിപ്പിക്കാത്തതാണ് പദ്ധതിയെ പിന്നോട്ടടിച്ചത്. മലപ്പുറം ജില്ലയിൽ ആകെ 1,240 റേഷൻ കടകളാണുള്ളത്. 2023 ഡിസംബറിലാണ് പദ്ധതി ആരംഭിച്ചത്.
തൊടുപുഴയിലെ മലങ്കര അണക്കെട്ടിൽ നിന്നെത്തുന്ന വെള്ളം ഏഴ് രൂപയ്ക്കാണ് ഏജൻസികൾ വാങ്ങുന്നത്. തുടർന്ന് ഇത് എട്ട് രൂപയ്ക്ക് റേഷൻ വ്യാപാരികൾക്ക് നൽകും. കുടിവെള്ളം 10 രൂപയ്ക്ക് റേഷൻ കടകളിലൂടെ വിൽപന നടത്തുകയും ചെയ്യും. തൊടുപുഴയിൽ നിന്ന് വെള്ളമെത്തിക്കുന്നതിനുള്ള തുക ഏജൻസികൾ നൽകണം. കൂടാതെ, ഇറക്ക് കൂലിയും നൽകണം. വെള്ളം ആവശ്യപ്പെടുന്ന റേഷൻ കടകളിൽ എത്തിക്കുന്നതിനുള്ള ചെലവ് വേറെ. ഇതെല്ലാം കഴിഞ്ഞ് ലാഭം പോലും ലഭിക്കാത്ത സ്ഥിതിയായതിനാൽ ഏജൻസികൾ പദ്ധതി നടത്തിപ്പിന് വലിയ താല്പര്യം കാണിക്കുന്നില്ല.
തൊടുപുഴയിൽ നിന്നും പൊന്നാനിയിലേക്ക് കുടിവെള്ളം എത്തിക്കാനാവശ്യമായ വാഹന ചാർജ്ജ് 7,500 രൂപയാണ് നൽകേണ്ടത്. ഇറക്ക് കൂലി ഇനത്തിൽ 2,000 രൂപയോളം നൽകണം. ലാഭമില്ലാത്ത അവസ്ഥയാണെന്നും സർക്കാരിന്റെ പദ്ധതിയായതിനാൽ മാത്രമാണ് സഹകരിക്കുന്നതെന്നും പൊന്നാനിയിലെ ഏജൻസി ജീവനക്കാർ പറയുന്നു.
സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്ര സ്ട്രക്ടർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വായുടെ കുടിവെള്ളമാണ് വില്പനയ്‌ക്കെത്തിക്കുക.
ആറ് രൂപയ്‌ക്കെങ്കിലും കുടിവെള്ളം ലഭ്യമായാൽ പ്രതിസന്ധി ലഘൂകരിക്കാം.
അനീഷ്, പൊന്നാനിയിലെ വിതരണക്കാരൻ
തിരൂരിലും ഉടൻ പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ മറ്റിടങ്ങളിലും പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
സി.എ.വിനോദ് കുമാർ, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |