ആസിഫ് അലിയുടെ രേഖാചിത്രം 75 കോടി കടന്ന് മുന്നേറുമ്പോൾ ഉണ്ണി ലാലു അവതരിപ്പിച്ച വക്കച്ചനും പ്രശസ്തി നേടുന്നു . നായകനായി അഭിനയിച്ച പറന്ന് പറന്ന് പറന്ന് ചെല്ലാൻ തിയേറ്റിൽ അഭിപ്രായം നേടുമ്പോൾ ഉണ്ണി ലാലു നിറഞ്ഞ സന്തോഷത്തിൽ. സിദ്ധാർത്ഥ് ഭരതനൊപ്പം നിറഞ്ഞു നിൽക്കുന്ന പ്രകടനം. കഥാപാത്രമായി മാറാൻ ഉണ്ണി ലാലു നടത്തുന്ന ശ്രമങ്ങൾ ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റിൽ സെപ് ടിക് ടാങ്ക് വൃത്തിയാക്കാൻ വന്ന ലക്ഷ്മണൻ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകർക്ക് ബോദ്ധ്യപ്പെട്ടതാണ്. സിനിമ മാത്രം സ്വപ്നം കണ്ട ഉണ്ണി ലാലു മനോഹരമായ യാത്രയുടെ സന്തോഷത്തിൽ.
തളർന്നു പോയ നിമിഷങ്ങൾ
പതിനഞ്ചുവർഷമായി സിനിമയുടെ പിന്നാലെയാണ്. ഓഡിഷൻ പങ്കെടുത്തും ചാൻസ് ചോദിച്ചും കറങ്ങി നടന്നു. ഏറെ പരിശ്രമവും കഠിനാദ്ധ്വാനവും നടത്തി രേഖാചിത്രത്തിലും പറന്ന് പറന്ന് പറന്ന് ചെല്ലാനും എത്തി നിൽക്കുന്നു. സാമ്പത്തികമായും മാനസികമായും തളർന്നുപോയ എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സമയമൊന്നും മറക്കാൻ കഴിയില്ല.തരംഗം സിനിമയിലാണ് ആദ്യമായി ഒരു ഡയലോഗ് കിട്ടുന്നത്. ഡയലോഗില്ലാതെ ആൾക്കൂട്ടത്തിലൊരാളായി കുറെ സിനിമയിൽ വന്നുപോയി. തരംഗം കഴിഞ്ഞ് കുറെ ഷോർട്ട് ഫിലിമും വെബ് സീരിസു കണ്ടന്റ് വീഡിയോയും ചെയ്തു. അതിനുശേഷം ഫ്രീഡ് ഫൈറ്റ് . നല്ലൊരു കഥാപാത്രം ആദ്യമായി ചെയ്യുന്നത് ഫ്രീഡം ഫൈറ്റിൽ ആണ്. രേഖ സിനിമയിലാണ് ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിലെ നെഗറ്റീവ് വേഷം ചർച്ച ചെയ്യപ്പെട്ടു. ഷോർട്ട് ഫിലിമിലൂടെയും വെബ് സീരിസിലൂടെയാണ് ആളുകൾ ശ്രദ്ധിക്കുന്നത്. 14 ഡെയ്സ് ഒഫ് ലൗ, ഒപ്പീസ് ചൊല്ലാൻ വരട്ടെ,നെല്ലിമലയും കടന്ന് മധുര വരെ തുടങ്ങിയ ഷോർട്ട് ഫിലിം ഏറെ പ്രശസ്തി തന്നവയാണ്.
ആസിഫിക്കയുടെ കമന്റ്
നടൻ എന്ന നിലയിൽ ആളുകൾ തിരിച്ചറിയുന്നു. രേഖാചിത്രം എന്ന വലിയ സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആ സിനിമ പ്രേക്ഷകർ ഏറ്റെടുത്തു. ആസിഫ് അലി നൽകിയ പിന്തുണയും നല്ല വാക്കും കൂടുതൽ പേരിലേക്ക് എത്തിച്ചു. പ്രൊമോഷൻ സമയത്ത് ഷോർട്ട് ഫിലിമിൽ അഭിനയിച്ച നടൻ എന്നാണ് പരിചയപ്പെടുത്തിയത്. അങ്ങനെയാണല്ലോ അറിയപ്പെട്ടത്. രേഖാചിത്രം സിനിമയിലെ നടൻ എന്ന നിലയിലായിരിക്കും ഇനി അറിയപ്പെടുക എന്ന് ആസിഫിക്ക കമന്റ് പറഞ്ഞു.ആ കമന്റ് സോഷ്യൽ മീഡിയയിൽ അത്യാവശ്യം റീച്ച് തന്നു. സിനിമ റിലീസ് ചെയ്തപ്പോൾ ആസിഫ് ഇക്കയുടെ വാക്കുകൾ ഗുണം ചെയ്തു. കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ക്ളീൻ ഷേവിൽ വേറൊരു ലുക്കിൽ വരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.
ഇനിയും കാത്തിരിപ്പ്
ഉണ്ണി ലാലു എന്നപേരിൽ പുതുമയുണ്ടെന്ന് പലരും പറയാറുണ്ട്. ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കുന്നു. ഇനിയും നല്ല സിനിമയും നല്ല കഥാപാത്രവും ചെയ്യാനാണ് ആഗ്രഹം. അതിനുവേണ്ടി കാത്തിരിക്കുന്നു. എല്ലാത്തിനും ദൈവം കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി ആണ് അടുത്ത റിലീസ്. വികൃതിയുടെ സംവിധായകൻ എംസിയുടെ മീശ എന്ന ചിത്രത്തിൽ അഭിനയിച്ചു. മീശയുടെ റിലീസും ഉടനെ ഉണ്ടാകും.ബികോം ആണ് പഠിച്ചത്. ആസമയത്തും സിനിമ മാത്രമായിരുന്നു ലക്ഷ്യം. മറ്റൊരു ജോലി കണ്ടില്ല. കോഴിക്കോട് കോട്ടൂളി ആണ് നാട്. അച്ഛൻ ബാലസുബ്രഹ്മണ്യം. അമ്മ ശ്രീജ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |