ഒരേ ഒരു ഹിറ്റായി രേഖാചിത്രം, ഐഡന്റിറ്റിക്ക് ലഭിച്ചത് മൂന്നര കോടി, 2 കോടിബഡ്ജറ്രിൽ എത്തിയ 4 സീസൺസിന് ലഭിച്ചത് പതിനായിരം രൂപ. മലയാള സിനിമ കനത്ത പ്രതിസന്ധി നേരിടുമ്പോൾ ജനുവരിയിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ മുതൽ മുടക്കും തിയേറ്റർ ഷെയറും പുറത്തുവിട്ട് നിർമ്മാതാക്കളുടെ സംഘടന.
ജനുവരിയിൽ റിലീസ് ചെയ്തത് 28 സിനിമകളാണ്. ഇവയുടെ ബഡ്ജറ്റും കേരളത്തിൽ തിയേറ്ററുകളിൽ നിന്നു ലഭിച്ച ഷെയറുമാണ് പുറത്തുവിട്ടത്. ഹിറ്റായത് ആസിഫ് അലി നായകനായ രേഖാചിത്രം മാത്രമെന്ന് സംഘടന. 30 കോടി മുടക്കിയ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി കേരളത്തിലെ തിയേറ്ററിൽ നിന്ന് ലഭിച്ചത് മൂന്നര കോടി മാത്രം.രണ്ടര കോടി മുടക്കി പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ എത്തിയ 4 സീസൺസ് എന്ന ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ആകെ ലഭിച്ച ഷെയർ വെറും പതിനായിരം രൂപയാണ്. ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിലെത്തി രണ്ടര കോടി ബഡ്‌ജറ്റിൽ ഒരുക്കിയ ഒരുമ്പെട്ടവൻ നേടിയത് വെറും മൂന്നുലക്ഷം രൂപ. എട്ടര കോടിയായിരുന്നു രേഖാചിത്രത്തിന്റെ ബഡ്‌ജറ്റ്. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് പന്ത്രണ്ടര കോടി ഷെയർ ലഭിച്ചു. മമ്മൂട്ടി ചിത്രമായ ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്, ബേസിൽ ജോസഫിന്റെ പൊൻമാൻ, വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകം എന്നീ സിനിമകൾ തിയേറ്റർ ഷെയർ കൂടാതെ മറ്റു ബിസിനസുകളിൽ ലാഭം ഉണ്ടാക്കിയെന്ന് നിർമ്മാതാക്കളുടെ സംഘടന. ജനുവരിയിൽ 28 മലയാള സിനിമകളും ആവനാഴിയുടെ റീ റിലീസും 12 അന്യഭാഷ ചിത്രങ്ങളും എത്തി.ഇതിൽ നിന്ന് മാത്രമുണ്ടായ നഷ്ടം 110 കോടിയാണ്.
സിനിമകളിലെ ബഡ്‌ജറ്റിന്റെ അറുപത് ശതമാനത്തോളം തുക താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലമാണെന്നും ഇതാണ് സാമ്പത്തിക നഷ്ടത്തിന്റെ പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രാവൻകൂട് ഷാപ്പിന് ബഡ്‌ജറ്റ് 18 കോടിയാണ്. തിയേറ്റർ ഷെയറായി ലഭിച്ചത് നാലുകോടി . അൻപോട് കൺമണി ബഡ്‌ജറ്റ് 3 കോടിയും ഷെയർ 25 ലക്ഷവും. ബെസ്‌റ്റി ബഡ്‌ജറ്റ് 4.81 കോടിയും ഷെയർ 20 ലക്ഷവും, ഒരു ജാതി ജാതകം ബഡ്‌ജറ്റ് 5 കോടിയും ഷെയർ ഒന്നര കോടിയും. ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് ബഡ്‌ജറ്റ് 19 കോടി, ഷെയർ 4.25 കോടി, എന്ന് സ്വന്തം പുണ്യാൻ ബഡ്ജറ്റ് 8.7 കോടി, ഷെയർ 1 കോടി 20 ലക്ഷം, പൊൻമാൻ ബഡ്‌ജറ്റ് 8.9 കോടി, ഷെയർ രണ്ടര കോടി, ഫെബ്രുവരി ചിത്രങ്ങളിലാണ് ഇനി പ്രതീക്ഷ. ഫെബ്രുവരി 14ന് ബ്രോമാൻസ്, ദാവീദ്, പൈങ്കിളി എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യും. ഫെബ്രുവരി 20ന് കുഞ്ചാക്കോ ബോബന്റെ ഡ്രൈവർ ഓൺ ഡ്യൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |