അഹമ്മദാബാദ്: അദാനി ഗ്രൂപ്പ് ചെയർമാനും ലോക കോടീശ്വരൻമാരിൽ ഒരാളുമായ ഗൗതം അദാനിയുടെ മകൻ ജീത് അദാനിക്ക് ആർഭാടങ്ങളില്ലാതെ മാംഗല്യം. ഇന്ന് നടന്ന ലളിതമായ ചടങ്ങിൽ ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരിയായ ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ ഷായെ ജീത് ജീവിതസഖിയാക്കി. അഹമ്മദാബാദിലെ ശാന്തിഗ്രാം ടൗൺഷിപ്പിൽ നടന്ന പരമ്പരാഗത ജെയിൻ - ഗുജറാത്തി ആചാര പ്രകാരമുള്ള വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷിയായി.
അതേ സമയം, മകന്റെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ അദാനി സാമൂഹ്യ സേവനത്തിന് വിനിയോഗിക്കും. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രികളും സ്കൂളുകളും കോളേജുകളും നിർമ്മിക്കും. അടുത്തിടെ വിവാഹിതരായ ഭിന്നശേഷിക്കാരായ 500 വനിതകൾക്ക് പ്രതിവർഷം 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന 'മംഗൾ സേവ" എന്ന പദ്ധതിക്കും അദാനി കുടുംബം തുടക്കമിട്ടിരുന്നു.
അദാനിയുടെയും പ്രീതി അദാനിയുടെയും ഇളയ മകനാണ് ജീത്. ജീതിന്റെ വിവാഹം ആഡംബരമില്ലാതെ നടത്തുമെന്ന് അദാനി നേരത്തേ അറിയിച്ചിരുന്നു. യൂണിവേഴ്സിറ്റി ഒഫ് പെൻസിൽവേനിയയിലെ സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് അപ്ലൈഡ് സയൻസസിലെ പഠന ശേഷം 2019ലാണ് ജീത് അദാനി ഗ്രൂപ്പിൽ ചേർന്നത്. നിലവിൽ അദാനി എയർപോർട്ട് ബിസിനസിനും അദാനി ഡിജിറ്റൽ ലാബ്സിനും നേതൃത്വം നൽകുന്നു. ന്യൂയോർക്കിലെ പഴ്സണൽ സ്കൂൾ ഒഫ് ഡിസൈനിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിവ മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്നയാളാണ്. 2023 മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |