കൊച്ചി: എറണാകുളം ബോട്ട് ജെട്ടി സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. രാത്രിയുടെ മറവിൽ മുഖംമൂടി ധരിച്ചെത്തി ക്യാമറകൾ തിരിച്ചുവയ്ക്കുകയോ മൂടി വയ്ക്കുകയോ ചെയ്തശേഷമാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. സ്മാർട്ട് പാർക്കിംഗിന്റെ ഭാഗമായി സി.എസ്.എം.എൽ സ്ഥാപിച്ചിരിക്കുന്ന എട്ടുക്യാമറകൾ കൊണ്ട് പ്രയോജനമില്ലാതെ പോവുകയാണ് ഇവിടെ. പൊലീസ് പരിശോധന കുറവായതാണ് സാമൂഹ്യവിരുദ്ധരുടെ ശല്യം ഇവിടെ കൂടാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു. തൊട്ടടുത്ത് ബസ് സ്റ്റാൻഡ് ഉണ്ടെങ്കിലും മതിയായ വെട്ടമില്ല. ഇത് മുതലെടുത്താണ് സാമൂഹിക വിരുദ്ധർ ഇവിടെ കയ്യാളുന്നത്.
ഇടനിലക്കാരുടെ ഒളിത്താവളം
ക്രിമിനലുകളുടെയും മയക്കുമരുന്ന് കച്ചവടക്കാരുടെയും ലൈംഗിക തൊഴിലാളികളുടെയും വിഹാരകേന്ദ്രമാണിവിടം. ജെട്ടിയോട് ചേർന്നുള്ള പാർക്കിംഗ് ഏരിയയ്ക്ക് ചുറ്റും കാടുപിടിച്ച് കിടക്കുന്ന ഭാഗങ്ങളാണേറെയും. ഇവിടെയാണ് ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നത്.
ബോട്ട് ജെട്ടിയോട് ചേർന്ന് ഉപയോഗശൂന്യമായി കിടക്കുന്ന കനാൽ ഓഫീസ് കെട്ടിടം, ടൂറിസം വകുപ്പിന്റെ കെട്ടിടം ഇവ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ. ഗർഭനിരോധിത ഉറകൾ, സിറിഞ്ച്, കഞ്ചാവിന്റെ കുറ്റികൾ എന്നിവയടക്കം ഇവിടെയുണ്ട്.
ജില്ലാ പൊലീസ് ആസ്ഥാനത്തിനും ചിൽഡ്രൻസ് പാർക്കിനും എതിരെ കായലിനോട് ചേർന്നു കിടക്കുന്ന പാർക്കിംഗ് ഗ്രൗണ്ടിന്റെ അവസ്ഥയാണിത്. പൊലീസ് ഇവിടേയ്ക്ക് തിരിഞ്ഞുപോലും നോക്കാറില്ല. ലഹരി മരുന്ന് ഇടനിലക്കാരുടെ ഒളിത്താവളം കൂടിയാണിവിടം. മറൈൻഡ്രൈവിന്റെ ഒരു പ്രവേശന കവാടം കൂടിയായ ഇവിടെ മലമൂത്ര വിസർജനത്തിനും കുറവില്ല. ഇരുട്ടിത്തുടങ്ങിയാൽ കണ്ണടച്ച് നടക്കേണ്ട അവസ്ഥയിലാണെന്ന് ഇവിടുത്തെ ജീവനക്കാർ പറയുന്നു. രാത്രികാലങ്ങളിൽ കുട്ടികളൊടൊപ്പമെത്താൻ പലർക്കും ഭയമാണ്.
മുഖംമൂടി ധരിച്ചെത്തുന്നവരെ ക്യാമറകൾ വഴി കൃത്യമായി കാണാം. പൊലീസ് നടപടി വേണം
സി.എസ്.എം.എൽ അധികൃതർ
രാത്രി പൊലീസ് പട്രോളിംഗ് ആവശ്യമാണ്. സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സ്ഥിരമായൊരു പരിഹാരം ആവശ്യമാണ്.
അജിത
യാത്രക്കാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |