പത്തനംതിട്ട: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടില്ലെന്ന് കുടുംബം. തന്റെ സമ്മതമില്ലാതെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകൻ എസ്. ശ്രീകുമാറിന്റെ വക്കാലത്ത് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഒഴിഞ്ഞു. മഞ്ജുഷ കൊടുത്ത അപ്പീലിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല . ആവശ്യപ്പെടാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നുമില്ല .സി.ബി.ഐ അന്വേഷണം മാത്രമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിന് വിരുദ്ധമായാണ് വ്യാഴാഴ്ച അഭിഭാഷകൻ ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്.
തങ്ങൾക്ക് അങ്ങനെ ഒരു ആവശ്യം ഇല്ലെന്ന് ഹൈക്കോടതിയെ ബോദ്ധ്യപ്പെടുത്തണമെന്ന് അഭിഭാഷകനോട് അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു. അതുചെയ്യാമെന്ന് ഉറപ്പുനൽകിയെങ്കിലും പിന്നീട്, തനിക്കു താല്പര്യമില്ലെന്ന് അഭിഭാഷകൻ പറഞ്ഞു . ഇതോടെയാണ് വക്കാലത്ത് ഒഴിഞ്ഞത്. അഡ്വ.ജോൺ എസ്. റാൽഫ് ആണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ കേസ് വാദിച്ചിരുന്നത്. ഡിവിഷൻ ബെഞ്ചിൽ കുറച്ചുകൂടി സീനിയർ അഭിഭാഷകനെ വയ്ക്കാൻ പലരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശ്രീകുമാറിനെ സമീപിച്ചത്. വിധിപറയാനിരിക്കുന്ന കേസിന്റെ അവസാന ഘട്ടത്തിൽ അഭിഭാഷകന്റെ നിലപാട് കുടുംബത്തിന് വെല്ലുവിളിയായി. മറ്റൊരു അഭിഭാഷകനെ വച്ച് വേണം മുന്നോട്ടുപോകാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |