കൊച്ചി: മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർദ്ധക്യത്തിൽ സ്‌നേഹവും വാത്സല്യവും നൽകി സംരക്ഷിക്കാൻ ആൺമക്കൾ ബാദ്ധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാർമ്മികചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വമാണിത്. വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74കാരന് ആൺമക്കൾ പ്രതിമാസം 20,000 രൂപ നൽകണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അച്ഛന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച തിരൂർ കുടുംബകോടതി ഉത്തരവ് ഹൈക്കോടതി തള്ളി. വിശുദ്ധ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചാണ് കോടതി ഉത്തരവ്.
വേദോപനിഷത്തുകളിലടക്കം പിതാവ് ഈശ്വരതുല്യനെന്നാണ് പറയുന്നത്. മാതാപിതാക്കളെ നോക്കാത്ത മകൻ സ്വന്തം ധർമ്മം മറക്കുകയാണ്. അച്ഛനമ്മമാരോട് കരുണ കാട്ടണമെന്നാണ് ഖുറാനും ബൈബിളും പഠിപ്പിക്കുന്നത്. വയോധികരായ മാതാപിതാക്കൾക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ സാമ്പത്തികസഹായം നൽകുന്നത് മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാക്കുന്നില്ല. ആദ്യവിവാഹത്തിലുണ്ടായ മൂന്ന് ആൺമക്കളിൽനിന്ന് സഹായംതേടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രായാധിക്യത്താൽ ജോലിചെയ്യാനാവുന്നില്ലെന്നും കുവൈറ്റിൽ നല്ല രീതിയിൽ ജീവിക്കുന്ന മക്കളിൽനിന്ന് സഹായം വേണമെന്നുമായിരുന്നു ആവശ്യം.
2013ൽ ആദ്യഭാര്യയെ തലാഖ് ചൊല്ലിയ ഇദ്ദേഹം രണ്ടാം ഭാര്യയ്ക്കൊപ്പമാണ് താമസം. ഹർജിക്കാരന്റെ രണ്ടുമക്കൾ സ്വന്തം ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന്റെ മാനേജർമാരാണെന്നും ഒരു മകൻ കുവൈറ്റ് ഓയിൽകമ്പനി ജോലിക്കാരനാണെന്നും കോടതി വിലയിരുത്തി. രണ്ടുപേർക്ക് പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപവീതവും ഒരാൾക്ക് ഒന്നരലക്ഷത്തിലേറെ രൂപയും ശമ്പളമുണ്ടെന്നിരിക്കെ പിതാവിനെ സംരക്ഷിക്കാൻ ബുദ്ധിമുട്ടില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |