2025-26 ലെ കേരള ബജറ്റിൽ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ, തൊഴിൽ മേഖലയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങളേറെ. പ്രത്യേകിച്ചും സേവന മേഖലയിൽ വർധിച്ചു വരുന്ന തൊഴിലുകൾക്ക് യുവതീയുവാക്കളെ പ്രാപ്തരാക്കാൻ ബജറ്റ് ഊന്നൽ നൽകിയിട്ടുണ്ട്. സ്‌കിൽ വികസനം, സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ, എം.എസ്.എം.ഇ എന്നിവയ്ക്കു നൽകിയ പരിഗണന പ്രത്യേകം എടുത്തുപറയത്തക്കതാണ്.
ജോബ് ഫെയറും ഗവേഷണവും സ്കോളർഷിപ്പും
അഭ്യസ്ഥ വിദ്യരായ യുവതീയുവാക്കൾക്കു വേണ്ടി മെഗാ ജോബ് ഫെയറുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കരിയർ ഗൈഡൻസ് നെറ്റ്‌വർക്കിംഗ് സംവിധാനങ്ങളും ഊർജിതപ്പെടുത്തും. ഗവേഷണം ഊർജിതപ്പെടുത്താനുള്ള നിരവധി സ്‌കോളർഷിപ്പുകളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കൊച്ചി ശാസ്ത്ര സാങ്കേതിക, എം.ജി സർവകലാശാലകളിൽ അസ്‌ട്രോഫിസിക്‌സ്, അസ്ട്രണോമി, ന്യൂറോ ഡീജനറേഷൻ & ഹെൽത്ത്, നാനോ സയൻസ് & ടെക്‌നോളി എന്നിവയിൽ മികവിന്റ ഗവേഷണ കേന്ദ്രങ്ങളാരംഭിക്കും. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ ശുപാർശയനുസരിച്ച് ഏഴു മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംസ്ഥാനത്തു ഗവേഷണം ശക്തിപ്പെടുത്താനും ഗവേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പുവരുത്താനും സഹായിക്കും.
സാങ്കേതിക മേഖലയ്ക്ക് ഊന്നൽ
ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിൽ ബജറ്റ് വിഹിതം വർധിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ യുഗത്തിലെക്കു മാറുന്ന സാങ്കേതിക വിദ്യകൾ പ്രവർത്തികമാക്കാനുതകുന്ന നിർദേശങ്ങൾ ബജറ്റിലുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഡാറ്റാ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, ഗ്രാഫിൻ സാങ്കേതിക വിദ്യ, ഓട്ടോമേഷൻ എന്നിവ പ്രോത്സാഹിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നിർദേശങ്ങൾ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് കൂടുതലായി പ്രയോജനപ്പെടും. സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയിൽ ആഗോള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ GCC കേന്ദ്രങ്ങളാരഭിക്കും. അനിമേഷൻ, വിഷ്വൽ എഫക്ടസ്, കോമിക്‌സ്, ഗെയ്മിങ്, ടോയ്‌സ് എന്നിവയിൽ പുത്തൻ കേന്ദ്രങ്ങളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക രംഗത്ത് ഫിൻ ടെക്ക് പ്രോത്സാഹിപ്പിക്കാനുള്ള നിർദേശം അക്കൗണ്ടിംഗ്, ബാങ്കിംഗ്, ഇൻഷുറൻസ്, ആക്ച്വറിയൽ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തും.
വിദ്യാർത്ഥികളുടെ വിദേശ ഒഴുക്ക് തടയാൻ നടപടിയില്ല
ബജറ്റിൽ മുൻ വർഷങ്ങളിൽ പ്രഖ്യാപിച്ച തുടർ നിർദേശങ്ങളുണ്ട്. പ്രഖ്യാപനങ്ങൾ എത്രത്തോളം നടപ്പിലാക്കാൻ കഴിയും എന്നതിൽ ആശങ്ക നിലനിൽക്കുന്നു. കൂടാതെ, സംസ്ഥാനത്തുനിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുവാനുമുള്ള ക്രിയാത്മക നിർദേശങ്ങൾ ബജറ്റിലില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |