തിരുവനന്തപുരം: ധനമന്ത്രിയുടെ മണ്ഡലത്തിൽ അടക്കം കൊല്ലത്ത് രണ്ട് ഐ.ടി പാർക്കും കണ്ണൂരിൽ ഒരു ഐ.ടി പാർക്കും സയൻസ് പാർക്കും സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം.കണ്ണൂർ വിമാനത്താവളത്തിന് സമീപം 25ഏക്കർ വീതം ഇതിനായി കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയിലും തിരുവനന്തപുരത്തും സയൻസ് പാർക്ക് സ്ഥാപിക്കും.രണ്ടിടത്തും ഭൂമി കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്. ഡിജിറ്റൽ സയൻസ് പാർക്കിന്റെ സ്ഥിരം ക്യാമ്പസ് വികസനത്തിന് 212 കോടി രൂപയും വകയിരുത്തി.
കണ്ണൂരിൽ 5 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ഐ.ടി പാർക്ക്. ഇതിനായി 293.22 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.
കൊല്ലം നഗരസഭയുടെ ഭൂമിയിൽ കിഫ്ബിയും കിൻഫ്രയും നഗരസഭയും ചേർന്നാണ് ഐ.ടി പാർക്ക് സ്ഥാപിക്കുന്നത്. ഈ വർഷം ആദ്യഘട്ട പ്രവർത്തനം തുടങ്ങും. മന്ത്രി ബാലഗോപാലിന്റെ മണ്ഡലമായ കൊട്ടാരക്കരയിലെ രവി നഗറിലുള്ള കല്ലട ഇറിഗേഷൻ പദ്ധതി ക്യാമ്പസിലാണ് കൊല്ലം ജില്ലയിലെ രണ്ടാമത്തെ ഐ.ടി പാർക്ക്. 97,370 ചതുരശ്രയടി ബിൽറ്റ് അപ്പ് ഏരിയ കണ്ടെത്തിയിട്ടുണ്ട്.
ഐ.ടി കമ്പനിയായ സോഹോ കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള പാർക്ക് ഏപ്രിലിൽ ഉദ്ഘാടനം ചെയ്യും. ഇവിടെ 250 പേർക്ക് തൊഴിൽ ലഭ്യമാകും.
ഐ.ടി മിഷന് 134 കോടി
ഐ.ടി മിഷന് 134.03 കോടി. കഴിഞ്ഞ വർഷത്തേക്കാൾ 16.85 കോടി അധികം
വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 517.64 കോടി
പ്രധാന സ്ഥലങ്ങളിൽ വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ 15 കോടി
സൈബർ സുരക്ഷാ പ്രവർത്തനങ്ങൾക്ക് 10.80 കോടി
ഡിജിറ്റൽ ആർട്സ് സ്കൂളിന് 2 കോടി, ഡിജിറ്റൽ മ്യൂസിയത്തിന് 3 കോടി
ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് 25.81 കോടി
ടെക്നോപാർക്കിലെ ഐ.ഐ.ഐ.ടി.എമ്മിന്റെ പ്രവർത്തനങ്ങൾക്ക് 16.95 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |