തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബഡ്ജറ്റ് ആയതിനാൽ സാധാരണക്കാർ ഏറെ പ്രതീക്ഷിച്ചു, പക്ഷെ, ജനിപ്രയമെന്ന് പറയാൻ ഒന്നുമില്ല. പ്രതിപക്ഷത്തിനാവട്ടെ സർക്കാരിനെ പഴിക്കാൻ പഴുതും കിട്ടി.
കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിനാണ് പ്രാധാന്യം നൽകിയത് . അതിലൂടെ വികസനത്തിനുള്ള നിരവധി പദ്ധതികളും. വ്യവസായം, തുറമുഖം, ഐ.ടി മേഖലകളിലൂടെയാണ് കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്നത്.
ഡിസംബറിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വരികയാണ്. അതുകഴിഞ്ഞ് അധികം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പും. ജനപ്രിയ ബഡ്ജറ്റ് പ്രതീക്ഷിച്ചവരെ കുറ്റം പറയാനാവില്ല. സാമൂഹ്യ ക്ഷേമപെൻഷനിൽ വർദ്ധന പ്രതീക്ഷിച്ചു. പെൻഷൻ 2500 രൂപയാക്കുമെന്ന ഇടതു മുന്നണി പ്രകടനപത്രികയിലെ വാഗ്ദാനമാണ് ബഡ്ജറ്റിൽ പ്രതീക്ഷവയ്ക്കാൻ സാധാരണക്കാരനെ പ്രേരിപ്പിച്ചത്.
ഭൂനികുതിയിലും കോടതി ഫീസിലും വരുത്തിയ വർദ്ധന സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നതാണ്. പരിസ്ഥിതി സൗഹൃദത്തിന്റെ പേരിൽ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടിയതും തിരിച്ചടിയായി.
കിഫ്ബിയെ സാമ്പത്തിക മേഖലയുടെ നെടുംതൂണാക്കുമെന്ന സൂചന പ്രതിപക്ഷം ആയുധമാക്കും. കിഫ്ബി എന്ന വെള്ളാനയിൽ നിന്ന് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന അവരുടെ ചോദ്യത്തിന് മറുപടി പറയാൻ സർക്കാർ വിയർക്കേണ്ടിവരും. ഭൂനികുതി 50 ശതമാനം വർദ്ധിപ്പിക്കുന്നതിനെതിരെ സമരം തുടങ്ങുമെന്ന് യു.ഡി.എഫ് നേതാക്കൾ ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്.
അവശ്യസാധനങ്ങളുടെ വില നിയന്ത്രണത്തിനുള്ള വിപണി ഇടപെടലിന് 2063 കോടി വകയിരുത്തിയെങ്കിലും സാധനങ്ങൾ സപ്ളൈ ചെയ്തവർക്കുള്ള കുടിശിക അടക്കമുള്ള ബാദ്ധ്യത തീർക്കുമ്പോൾ പിന്നെ ഒരു ഇടപെടലും നടക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |