ന്യൂഡൽഹി: കാൽക്കീഴിലെ മണ്ണ് ഒരിക്കലും ഒലിച്ചുപോകില്ലെന്ന് കരുതിയ ആം ആദ്മിക്ക് എല്ലാ കണക്കുകൂട്ടലുകളും തെറ്റി. തലസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 43 സീറ്റുമായി ബിജെപി കുതിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 63 സീറ്റ് നേടിയ ആം ആദ്മി മുപ്പത് കടക്കുമോ എന്നും സംശയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം ആം ആദ്മിയെ തേടിയെത്തിയപ്പോൾ അതിന് ആക്കം കൂട്ടിയത് സൗത്ത് ഡൽഹിയിലെ തിരിച്ചടിയാണ്.
സൗത്ത് ഡൽഹിയിൽ ഉൾപ്പെടുന്ന 15ൽ 11 സീറ്റിലും ലീഡ് ചെയ്യുന്നത് ബിജെപിയാണ്. ഈ 15 സീറ്റുകളിൽ സൗത്ത് ഡൽഹി ലോക്സഭാ മണ്ഡലത്തിലെ 10 നിയമസഭാ മണ്ഡലങ്ങളും ന്യൂഡൽഹി, ഗ്രേറ്റർ കൈലാഷ്, മാളവ്യ നഗർ, ആർകെ പുരം, കസ്തൂർബാ നഗർ സീറ്റുകളും ഉൾപ്പെടുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ 15 സീറ്റിൽ 14 എണ്ണവും സ്വന്തമാക്കിയത് ആം ആദ്മിയായിരുന്നു. ഇപ്പോൾ ബിജെപിക്ക് അനുകൂല തരംഗം സൃഷിക്കാൻ കാരണമായ മണ്ഡലങ്ങളിൽ കൂടുതലും സൗത്ത് ഡൽഹിയിലേതാണ്.
ഏറ്റവും ഒടുവിലായി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 43 സീറ്റിൽ ബിജെപിയും 28 സീറ്റിൽ ആം ആദ്മിയുമാണ്. കോൺഗ്രസിന്റെ ലീഡ് നില ഇപ്പോഴും പൂജ്യത്തിൽ തുടരുകയാണ്. ബിജെപി ലീഡ് ചെയ്യുന്ന മണ്ഡലങ്ങളിൽ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ കൽക്കാജിയും ഉൾപ്പെടുന്നു. ബിജെപി എംപി രമേഷ് ബിധുരിയെയാണ് ബിജെപി കളത്തിലിറക്കിയത്. കോൺഗ്രസിന് വേണ്ടി അൽക്ക ലാംബയാണ് ഇറങ്ങിയത്. ഡൽഹി മന്ത്രിയും ആം ആദ്മി നേതാവുമായ സൗരഭ് ഭരദ്വാജിന്റെ ശക്തികേന്ദ്രമായ ഗ്രേറ്റർ കൈലാഷ് ആണ് ആം ആദ്മി പിന്നിലായ മറ്റൊരു പ്രധാന സീറ്റ്. ആം ആദ്മി നേതാവ് സോമനാഥ് ഭാരതി പ്രതിനിധീകരിക്കുന്ന മാളവ്യ നഗർ ഇത്തവണ ബിജെപി ലീഡ് ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |