കണ്ണൂർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ലീഡിനെക്കുറിച്ചുളള മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ പ്രതികരിക്കാതെ വയനാട് എം പി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് ഫലം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും പറയാൻ സമയമായിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളിൽ പങ്കെടുക്കാനാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻഞ്ചിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളിൽ പ്രിയങ്കയും പങ്കെടുക്കും.
അതേസമയം, ഡൽഹിയിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കോൺഗ്രസിന് ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാൻ സാധിക്കാത്തതും ശ്രദ്ധേയമാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണി പകുതിയായപ്പോൾ ഒരു മണ്ഡലത്തിൽ ലീഡ് ചെയ്ത കോൺഗ്രസ് അധികം വൈകാതെ തന്നെ പിറകോട്ട് പോകുകയായിരുന്നു. ഇപ്പോൾ പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ അനുസരിച്ച് ബിജെപി കേവലഭൂരിപക്ഷം മറികടന്ന് 48 സീറ്റുകളിൽ ലീഡുമായി മുന്നേറുകയാണ്. ജയിക്കുമെന്ന് അമിത ആത്മവിശ്വാസത്തിലായിരുന്ന ആം ആദ്മി 22 സീറ്റുകളിലാണ് ലീഡുകൾ നിലനിർത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |