മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പുതിയ ബൈപ്പാസ് നിർദ്ദേശം ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ ഇടംപിടിച്ചു. നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തുടങ്ങിയിട്ട് നാളുകൾ ഏറെയായി. 130 ജംഗ്ഷനിൽനിന്ന് കടാതിയിലേയ്ക്കുള്ള മുറിക്കൽ ബൈപാസിന്റെ സ്ഥലം ഏറ്റെടുക്കൽ ഏറെക്കുറെ പൂർത്തിയായെങ്കിലും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കേണ്ടതായുണ്ട്. കടാതി - കാരക്കുന്നം എൻ.എച്ച് ബൈപാസ് നിർദ്ദേശം സംബന്ധിച്ച നടപടികൾ എങ്ങുമെത്തിയതുമില്ല. നേരത്തെ പരിഗണനയിലുള്ള ഈ രണ്ടു പദ്ധതികളും സാദ്ധ്യമായാൽപോലും 8-ാം നമ്പർ സംസ്ഥാന ഹൈവേയായ മൂവാറ്റുപുഴ - പുനലൂർ റോഡിൽനിന്ന് നഗരത്തിലേയ്ക്ക് പ്രവേശിക്കേണ്ടിവരുന്ന വാഹനങ്ങളുടെ ഗതാഗതക്കുരുക്കഴിക്കാൻ കഴിയില്ല. ഇതിന് പരിഹാരമെന്ന നിലയിലാണ് മൂവാറ്റുപുഴ സ്വദേശിയായ പ്രമോദ്കുമാർ മംഗലത്ത്, ഏകദേശ രൂപരേഖ സഹിതമുള്ള വിശദാംശങ്ങളോടെ പുതിയ ‘തെക്കൻകോട് ബൈപ്പാസ് ‘ നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കും മൂവാറ്റുപുഴ എം.എൽ.എയ്ക്കും 2024 സെപ്തംബർ 5ന് സമർപ്പിച്ചത്. മൂവാറ്റുപുഴയിലെ നഗരഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഈ നിർദ്ദേശമാണ് ഇപ്പോൾ ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ അംഗീകരിച്ചതും സ്ഥലം ഏറ്റെടുപ്പിനടക്കമുള്ള ടോക്കൺ പ്രൊവിഷൻ സഹിതം ഉൾപ്പെടുത്തിയതും.
തൊടുപുഴയാറിലെ വീതികുറഞ്ഞ ഭാഗമായ ലബ്ബക്കടവിൽ പുതിയ പാലം ഉൾപ്പെടെ ഏകദേശം 1.4 കിലോമീറ്റർ ദൂരംമാത്രം വേണ്ടി വരുന്ന ഈ ബൈപ്പാസിലൂടെ തൊടുപുഴ റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ തന്നെ ആരക്കുഴ റോഡ്, എം.സി റോഡ്, പിറവം റോഡ്, മുറിക്കൽ ബൈപാസ് വഴി എറണാകുളം, തൃശൂർ റോഡുകൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാനാകും. ലബ്ബക്കടവിൽ ഏകദേശം 50 മീറ്റർ മാത്രം നീളംവരുന്ന പാലം മതിയാകുമെന്നതും അലൈൻമെന്റിൽ വീടുകൾ കുറവാണെന്നതും ഈ നിർദ്ദേശത്തിന്റെ സവിശേഷതയാണ്. ഈ നിർദ്ദേശമടങ്ങുന്ന വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിർദ്ദേശത്തിന്റെ തുടർ നടപടികൾ പുരോഗമിച്ചുവരികയാണ് എന്നറിഞ്ഞതിലും സംസ്ഥാന ബജറ്റിൽ ഇടംപിടിച്ചതിലും ഏറെ സന്തോഷമുണ്ട്
പ്രമോദ് കുമാർ മംഗലത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |