കൊച്ചി: അദ്ധ്യയന വർഷം അവസാനിക്കും മുമ്പേ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ റെഡിയാക്കാൻ വിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ട വിതരണത്തിനുള്ള മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പാഠപുസ്തകങ്ങളാണൊരുക്കുക. മദ്ധ്യവേനൽ അവധിക്കാലത്തിന് മുമ്പേ പുതിയ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുകയാണ് ലക്ഷ്യം.
രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെയും ഒമ്പതാം ക്ലാസിലെ ഐ.ടി. പുസ്തകത്തിനും അടുത്ത വർഷം മാറ്റമുണ്ട്.
ഒന്നുമുതൽ പത്താം ക്ലാസ് വരെ 3,18,00, 000 പാഠപുസ്തകങ്ങളാണ് സ്കൂൾ സൊസൈറ്റികൾ മുഖേന നൽകേണ്ടത്. ഇതിൽ 2.01,00, 000 കോടിയും പരിഷ്‌കരിച്ചവയാണ്. കാക്കനാട്ടെ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കാണ് (കെ.ബി.പി.എസ്) അച്ചടിച്ചുമതല. കുടുംബശ്രീ മുഖേന സ്കൂൾ സൊസൈറ്റികൾക്ക് കൈമാറും.
ജില്ലയിൽ 23 ലക്ഷം പുസ്തകം
ജില്ലയിൽ 23 ലക്ഷത്തിലധികം പാഠപുസ്തകങ്ങൾ വേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ജില്ലയിൽ 14 എ.ഇ.ഒമാരുടെ കീഴിലുള്ള 365 സ്കൂൾ സൊസൈറ്റികളിലാണ് പാഠപുസ്തകങ്ങൾ വിതരണം നടക്കുക. മാർച്ച് ഒന്നിനാരംഭിച്ച് മേയ് 30ന് മുമ്പായി വിതരണം പൂർത്തിയാക്കും. മേയിൽ അഡ്മിഷൻ ആരംഭിക്കും.
കഴിഞ്ഞ വർഷം ആലുവയിലായിരുന്നു ജില്ലയിലെ പുസ്തക വിതരണ കേന്ദ്രം. തുടർച്ചയായ അഞ്ചാം വർഷമാണ് കുടുംബശ്രീ പുസ്തക വിതരണം ഏറ്റെടുത്തത്.
കഴിഞ്ഞ വർഷം 13000ത്തോളം വിദ്യാലയങ്ങളിലെ 45 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി.
ജില്ലയിൽ ഇത്തവണ വേണ്ടിവരുന്ന പാഠപുസ്തകങ്ങൾ- 23 ലക്ഷം
കഴിഞ്ഞ വർഷം വിതരണം ചെയ്തത്- 2123913
ആകെ സ്കൂൾ സൊസൈറ്റികൾ- 365
സംസ്ഥാനത്ത് വിതരണം ചെയ്തത്- 2.97 കോടി
ആകെ സ്കൂൾ സൊസൈറ്റികൾ- 3000
മാർച്ചിൽ വിതരണം ആരംഭിക്കും. മേയിൽ പുതിയ അഡ്മിഷൻ ആരംഭിക്കും. ഒന്നാംക്ലാസിലേക്ക് ഇത്തവണ കൂടുതൽ കുട്ടികളെ പ്രതീക്ഷിക്കുന്നുണ്ട്.
ഹണി ജി. അലക്സാണ്ടർ
വിദ്യാഭ്യാസ ഉപ ഡയറക്ടർ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |