കോട്ടയം : പൊള്ളുന്ന ചൂടിൽ വിള നഷ്ടത്തിനൊപ്പം വിളവ് കുറയുന്നതിന്റെയും പ്രതിസന്ധിയിലാണ് നെൽകർഷകർ. 32 മുതൽ 35 ഡിഗ്രി ചൂട് വരെ നെൽച്ചെടി താങ്ങും. എന്നാൽ പതിവായി 36 ഡിഗ്രിക്ക് മുകളിലേയ്ക്ക് ചൂട് രേഖപ്പെടുത്തുന്നത് വിളനഷ്ടത്തിനിടയാക്കും. ഏക്കറിൽ അഞ്ച് ക്വിന്റലെങ്കിലും വിളവ് കുറയുമെന്നാണ് കണക്ക്. കാഴ്ചയിൽ നെൽച്ചെടികളിൽ മാറ്റം കാണുകയില്ലെങ്കിലും പതിരിന്റെ അളവ് കൂടും. ചൂട് കാറ്റ് ശക്തമാകുന്നതാണ് കാരണം. പതിരിന്റെ അളവു കൂടിയാൽ സംഭരണ വേളയിൽ കരാറുകാർ കിഴിവ് ആവശ്യപ്പെടും. ചൂട് കൂടിയെങ്കിലും നദികളിൽ ജലനിരപ്പ് കുറയാതിരുന്നാൽ നെല്ലിന്റെ ചുവട്ടിൽ ഈർപ്പം ലഭിക്കും. എന്നാൽ തണ്ണീർമുക്കം ബണ്ട് അടഞ്ഞുകിടന്നിട്ടും മീനച്ചിലാറ്റിൽ ജലനിരപ്പ് താഴുന്നതാണ് ആശങ്ക. പലയിടത്തും നെൽച്ചെടികൾ ഉണങ്ങിത്തുടങ്ങി.
കരക്കൃഷിയും പ്രതിസന്ധിയിൽ
കരക്കൃഷിയ്ക്കും വർദ്ധിക്കുന്ന ചൂട് പ്രതിസന്ധിയാണ്. വാഴക്കർഷകരാണ് ഏറെ വലയുന്നത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ ചൂട് കാറ്റിൽ ഒടിഞ്ഞു വീഴുകയാണ്. പാവൽ, പടവലം, വെള്ളരി എന്നിവയുടെ ഉത്പാദനം കുറഞ്ഞു. ചൂടുകൂടിയ സമയത്ത് ലഭിക്കുന്ന വിളവിന് വലുപ്പം കുറവായതിനാൽ മാർക്കറ്റിൽ വേണ്ടത്ര വില ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.
ചൂട് കൂടിയാൽ
വിളവ് എത്തേണ്ട സമയത്തിന് മുൻപ് നെൽച്ചെടികൾ കതിരിടും
85 ദിവസം കൊണ്ട് കതിരിടേണ്ട നെൽച്ചെടി 75 ദിവസത്തിനുള്ളിൽ കതിരിടും
ചൂടിന്റെ ശക്തിയിൽ നെല്ലോലകൾ കരിഞ്ഞുണങ്ങും
ഒരേക്കറിൽ നിന്ന് 25 ക്വിന്റൽ കിട്ടേണ്ടിടത്ത് 20 ക്വിന്റൽ നെല്ലായി കുറയും
'' വേനൽക്കാലത്തെ നെൽകൃഷി നഷ്ടത്തിലേ കലാശിക്കൂ. ഉടനെ ചൂട് കുറയുന്നതിന്റെ ലക്ഷണമില്ല''
സന്തോഷ്, നെൽകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |