തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട് കോമിന്റെ 13ാമത് വാർഷിക ട്രാവലർ റിവ്യൂ അവാർഡ്സ് 2025 ൽ ഇന്ത്യയിലെ മോസ്റ്റ് വെൽക്കമിംഗ് റീജിയൻ പട്ടികയിൽ കേരളം രണ്ടാമത്. വിനോദസഞ്ചാരികളിൽ നിന്നുള്ള 360 ദശലക്ഷത്തിലധികം പരിശോധനാ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാര പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ തവണ കേരളം മൂന്നാം സ്ഥാനത്തായിരുന്നു. മികച്ച യാത്രാനുഭവവും ആതിഥ്യമര്യാദയും തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങളായി.
ലോകമെമ്പാടുമുള്ള സഞ്ചാരികൾക്കിടയിൽ കേരളം പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണെന്നതിന്റെ തെളിവാണ് ഈ അവാർഡെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. കേരളം ടൂറിസം നടപ്പാക്കുന്ന നൂതന ഉത്പ്പന്നങ്ങൾക്കും പദ്ധതികൾക്കുമുള്ള അംഗീകാരമാണിതെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനും വ്യക്തമാക്കി.
മൂന്നിടങ്ങൾ മികച്ചത്
'മോസ്റ്റ് വെൽക്കമിംഗ് സിറ്റീസ്' വിഭാഗത്തിൽ കേരളത്തിൽ നിന്നും മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നീ സ്ഥലങ്ങൾ ഇടം നേടി. ഇന്ത്യയിലെ 10 സ്ഥലങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിനകത്ത് മാരാരിക്കുളം, തേക്കടി, ആലപ്പുഴ, മൂന്നാർ, വർക്കല എന്നിവ ഏറ്റവും സ്വാഗതാർഹമായ പ്രദേശങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
കേരളം വിനോദസഞ്ചാരികൾക്ക് നൽകുന്ന അതുല്യമായ അനുഭവത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആതിഥ്യമര്യാദയിലൂടെയും പ്രകൃതിസൗന്ദര്യം, സാംസ്‌കാരിക പൈതൃകം എന്നിവയിലൂടെയും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിന് സാധിക്കുന്നു. ആഗോള ടൂറിസം ഭൂപടത്തിൽ സുപ്രധാന ഇടം നിലനിർത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് ഇത്തരം അംഗീകാരങ്ങൾ ഊർജ്ജമേകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളം വിനോദസഞ്ചാരികൾക്ക് നൽകുന്ന അതുല്യമായ അനുഭവത്തിന്റെ തെളിവാണ് ഈ അംഗീകാരം. ആതിഥ്യമര്യാദയിലൂടെയും പ്രകൃതിസൗന്ദര്യം, സാംസ്‌കാരിക പൈതൃകം എന്നിവയിലൂടെയും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിന് സാധിക്കുന്നു.
മന്ത്രി പി.എ മുഹമ്മദ് റിയാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |