ഗാസ സിറ്റി: വെടിനിറുത്തൽ കരാറിന്റെ ഭാഗമായി ബന്ദികളെ കൈമാറ്റം ചെയ്ത് ഇസ്രയേലും ഹമാസും. കരാറിന്റെ ഭാഗമായുള്ള അഞ്ചാമത്തെ ബന്ദിമാറ്റമാണ് നടന്നത്. 183 പാലസ്തീൻ തടവുകാർക്ക് പകരമായി 3 ഇസ്രയേലി തടവുകാരെ ഹമാസ് മോചിപ്പിച്ചു. ഒഹാദ് ബെൻ അമി, (56), എലി ഷറാബി (52), ഓർ ലെവി (34) എന്നിവരെയാണ് ശനിയാഴ്ച രാവിലെ ഹമാസ് മോചിപ്പിച്ചതെന്ന് ഇസ്രയേൽ ജയിൽ സർവീസ് സ്ഥിരീകരിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്ക്, അധിനിവേശ കിഴക്കൻ ജറുസലേം, ഗാസ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അവരെ രാജ്യത്തുടനീളമുള്ള നിരവധി ജയിലുകളിൽ നിന്ന് മാറ്റിയതായി പ്രസ്താവനയിൽ പറയുന്നു. വിട്ടയച്ച മൂന്നു പേരെ ഗാസ അതിർത്തിയിലെ ഇസ്രയേലി സൈനിക താവളത്തിലേക്ക് കൊണ്ടുപോകും. അവിടെ തിരിച്ചറിയൽ പരിശോധനയും പ്രാഥമിക മെഡിക്കൽ- മനഃശാസ്ത്ര വിലയിരുത്തലും നടത്തിയ ശേഷമാകം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സെൻട്രൽ ഗാസ മുനമ്പിലെ ദേർ അൽ ബലായിൽ അന്തർദേശീയ റെഡ്ക്രോസ് കമ്മിറ്റിലെ ഉദ്യോഗസ്ഥർക്കാണ് തടവുകാരെ കൈമാറിയത്. ബന്ദികളെ വിട്ടുകൊടുക്കുന്ന സ്ഥലത്ത് ഹമാസ് സ്റ്റേജ് സജ്ജമാക്കിയിരുന്നു. വിടുതൽ സർട്ടിഫിക്കറ്റുകൾ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ബന്ദിളുടെ വീഡിയോ ഇതിനോടകം വ്യാപകമായി പ്രചരിക്കുകയാണ്. ഇസ്രയേലുമായുള്ള മാനുഷിക സഹായവും മറ്റ് പ്രധാന വിതരണങ്ങളും ഗാസയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചതിന് പിന്നാലെയാണിത്. മോചിതരായവരിൽ പാലസ്തീൻ തടവുകാരെ റാമല്ലയിൽ എത്തിയ ഉടൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. ഉടനെതന്നെ ഇവരെ ഈജിപ്തിലേക്ക് മാറ്റും. അതിനിടെ, മോചിപ്പിക്കാൻ നിശ്ചയിച്ചിരുന്ന പാലസ്തീൻ തടവുകാരുടെ വീടുകൾ ഇസ്രയേൽ റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് റെയ്ഡ് നടന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |