തിരുവനന്തപുരം: പ്രതിമാസം മുക്കാൽ ലക്ഷം ശമ്പളം. കാലാവധി 4വർഷം വരെനീട്ടാം. ഭാവിയിൽ സ്ഥിരനിയമനത്തിന് പ്രവൃത്തിപരിചയമായി കണക്കാക്കി മുൻഗണനയും. കേരള സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് ഈ ആനുകൂല്യങ്ങളോടെ വേണ്ടപ്പെട്ടവരെ ഗസ്റ്റ്അദ്ധ്യാപകരായി നിയമിക്കാനുള്ള കള്ളക്കളിയാണ് ഹൈക്കോടതി പൊളിച്ചടുക്കിയത്.
ഡി.വൈ.എഫ്.ഐ നേതാവ് ജെ.എസ്. ഷിജുഖാൻ ചെയർമാനായ ഇന്റർവ്യൂ ബോർഡ് തയ്യാറാക്കിയ റാങ്ക് പട്ടിക ക്രമക്കേട് കണ്ടെത്തി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. അദ്ധ്യാപക നിയമനത്തിന് യു.ജി.സി ചട്ടപ്രകാരമുള്ള സമിതി ഉടൻ രൂപീകരിക്കുമെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ 'കേരളകൗമുദി'യോട് പറഞ്ഞു.
വൈസ്ചാൻസലറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന പ്രൊഫസറോ ആയിരിക്കണം അഭിമുഖ സമിതിയുടെ അദ്ധ്യക്ഷനെന്നാണ് യു.ജി.സി ചട്ടം. സിൻഡിക്കേറ്റംഗമായ പ്രൊഫ.പി.എം രാധാമണിയെയാണ് വി.സി നിർദ്ദേശിച്ചത്. ഇത് തള്ളിയാണ് ഷിജുഖാനെ അദ്ധ്യക്ഷനാക്കിയത്. മുൻകാലങ്ങളിൽ പ്രോ വൈസ്ചാൻസലറായിരുന്നു അദ്ധ്യക്ഷൻ. നിലവിൽ പി.വി.സി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. വിദ്യാഭ്യാസ വിദഗ്‌ദ്ധനെന്ന നിലയിൽ സർക്കാർ സിൻഡിക്കേറ്റിലേക്ക് നാമനിർദ്ദേശം ചെയ്ത ഷിജുഖാൻ പ്രൊഫസറല്ല.
500അപേക്ഷകരിൽ നിന്ന് 13ഒഴിവുകളിലേക്കുള്ള റാങ്ക്പട്ടിക തയ്യാറാക്കിയെങ്കിലും വി.സി അംഗീകരിച്ചില്ല. ഭരണപക്ഷത്തെ 14പേരുടെ ബലത്തിൽ സിൻഡിക്കേറ്റിൽ വോട്ടിനിട്ട് അംഗീകരിക്കുകയായിരുന്നു. രണ്ട് ബിജെപി അംഗങ്ങൾ എതിർത്തു. സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാൻ വിസമ്മതിച്ച വി.സി, ലിസ്റ്റ് ഗവർണറുടെ പരിഗണനയ്ക്കയച്ചു. ഇതിനിടെ, ബി.ജെ.പിയുടെ സിൻഡിക്കേറ്രംഗം പി.എസ്.ഗോപകുമാർ ഹൈക്കോടതിയെ
സമീപിക്കുകയായിരുന്നു.
16 കോഴ്സ്,
30ഒഴിവ്
□നാലുവർഷ ബിരുദത്തി16 കോഴ്സുകളാണുള്ളത്. മുപ്പതോളം ഒഴിവുകളിൽ നിയമനമാവാം. കൂടുതൽ കോഴ്സുകൾ തുടങ്ങുമ്പോൾ 50ലേറെ
□ചോദ്യപേപ്പറുണ്ടാക്കൽ, പരീക്ഷനടത്തൽ, മൂല്യനിർണയം, ഇന്റേണൽമാർക്ക് നൽകൽ അടക്കം പൂർണചുമതലയുള്ളതിനാൽ സ്ഥിരംഅദ്ധ്യാപകരുടെ അതേ യോഗ്യത ഇവർക്കുമുണ്ടാവണം.
□സർവകലാശാലയിലെ നാലുവർഷ ബിരുദകോഴ്സുകളിൽ കാര്യവട്ടത്തെ പി.ജികോഴ്സുകളിലെ അദ്ധ്യാപകരും ഗവേഷക വിദ്യാർത്ഥികളുമാണ് ക്ലാസെടുക്കുന്നത്. .
''ഹൈക്കോടതി ഉത്തരവിട്ടതു പോലെ അദ്ധ്യാപക നിയമനം നടത്തും. സ്ഥിരം അദ്ധ്യാപകരുടെ അതേ യോഗ്യതകളും ശമ്പളവും നൽകും. ''
-ഡോ.മോഹനൻ കുന്നുമ്മേൽ,
വൈസ്ചാൻസലർ
സർവകലാശാലാ ഭേദഗതി ബിൽ തിരിച്ചയച്ചു
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന സർവകലാശാലാ നിയമഭേദഗതി ബിൽ നിയമവകുപ്പിലേക്ക് തിരിച്ചയച്ചു. സംസ്ഥാനത്തെ സർവകലാശാലകൾ വിദേശത്തും അന്യസംസ്ഥാനങ്ങളിലും ക്യാമ്പസുകൾ ആരംഭിക്കേണ്ടെന്നുള്ള സർക്കാർ തീരുമാനമാണിത്. നിയമവകുപ്പ് ഈ വ്യവസ്ഥയൊഴിവാക്കി ബിൽ ക്രമപ്പെടുത്തി തിരിച്ചുനൽകും. അധികാരപരിധിക്ക് പുറത്ത് സർവകലാശാലകൾക്ക് ക്യാമ്പസുകൾ തുടങ്ങാമെന്ന വ്യവസ്ഥയാണ് മന്ത്രിസഭ ഒഴിവാക്കിയത്. വിദേശത്ത് ഇന്ത്യൻ സർവകലാശാലകളുടെ ക്യാമ്പസുകൾ തുറക്കാൻ യു.ജി.സി മാർഗ്ഗരേഖ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെ എം.ജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികൾക്ക് ഗൾഫിൽ ഓവർസീസ് സെന്ററുകൾ തുടങ്ങാനായിരുന്നു നിയമഭേദഗതിക്ക് ശ്രമിച്ചത്. എന്നാൽ പരീക്ഷാ, പണം തട്ടിപ്പുകൾ മുൻപ് ഉണ്ടായിട്ടുള്ളതിനാൽ സർവകലാശാലകളുടെ അധികാരപരിധിക്ക് പുറത്ത് ക്യാമ്പസുകൾക്കായുള്ള ഭേദഗതി ഇപ്പോൾ വേണ്ടെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |