അഞ്ചുവർഷത്തിന് ശേഷം നടന്ന ആദ്യസത്സംഗം
തിരുവനന്തപുരം: വിദ്വേഷം,പക എന്നിവ വെടിഞ്ഞ് നന്മ മാത്രം ആഗ്രഹിക്കുന്നതാണ് നമ്മുടെ സംസ്‌കാരമെന്നും പ്രപഞ്ചത്തിന്റെ നിയമമാണ് ധർമമെന്നും മാതാഅമൃതാനന്ദമയിദേവി പറഞ്ഞു. കൈമനം അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മസ്ഥാനക്ഷേത്രം പ്രതിഷ്ഠാവാർഷികത്തിലെ സത്സംഗത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
അദ്വൈതം സ്വപ്നം പോലെയാണ്. മനസ്സിനെ മഥനം ചെയ്യുന്നതാണ് ആത്മീയത. കഷ്ടത വരമ്പോൾ കർമത്തിന്റെ ഫലത്തെക്കുറിച്ച് ചിന്തിക്കരുത്. പ്രപഞ്ചശക്തിയുടെ നിയതി പാലിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. നാനാത്വത്തിലെ ഏകത്വമാണ് സനാതനധർമം. സൃഷ്ടിയും സ്രഷ്ടാവും അതിൽ ഒന്നാണ്.
സൃഷ്ടിയുടെ സൗന്ദര്യം നാനാർത്ഥത്തിലാണ്. അത് മനസ്സിലാക്കിയാൽ ജീവിതം 90 ശതമാനം അർത്ഥപൂർണമാകുമെന്നും അമ്മ പറഞ്ഞു.
സ്ഥൂലവും സൂക്ഷ്മവുമായ ഓരോ ജീവിയും നമ്മെ സഹായിക്കുന്നു. അവരോട് ആദരവും നന്ദിയും പുലർത്തണം. നദി ദേവിയാണ്. കൊടുക്കുന്നത് തിരിച്ചുതരുന്ന നദിയെ മലിനമാക്കരുത്. കൊച്ചിയിൽ മാലിന്യം നിറഞ്ഞ് വിഷലിപ്തമായ ഒരു സ്ഥലത്തെ മഠം ഏറ്റെടുത്ത് വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. പിന്നീട് നടന്ന പരിശോധനയിൽ മണ്ണിലെ വിഷാംശം നഷ്ടമായത് കണ്ടെത്തിയെന്ന വസ്തുത അമ്മ പ്രസംഗത്തിൽ അനുസ്മരിച്ചു.
2019ന് ശേഷം ആദ്യമായാണ് മാതാഅമൃതാനന്ദമയിദേവി പൊതുവേദിയിൽ സത്സംഗം നടത്തുന്നത്.
നിഷ് സർവ്വകലാശാല പ്രോ ചാൻസലർ എം.എസ്. ഫൈസൽഖാൻ, ഫാത്തിമ മിസാജ്, ധീവരസഭ ഭാരവാഹികളായ പൂന്തുറ ശ്രീകുമാർ, പനത്തുറ ബൈജു, ഇസ്‌കോണിലെ സ്വാമി ജഗത് സാക്ഷി പ്രഭു, സ്വാമി ഗിരിരാജ് പ്രഭു, ബ്രഹ്മചാരി മനോഹർ ചൈതന്യ തുടങ്ങിയവർ അമ്മയെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. മഠാധിപതി ശിവാമൃതാനന്ദപുരി, അമൃതസ്വരൂപാനന്ദ, സൂര്യാമൃതാനന്ദപുരി തുടങ്ങിയവർ പങ്കെടുത്തു. സൂര്യാ കൃഷ്ണമൂർത്തിക്ക് ആദ്യപ്രതി നൽകി അമൃത ദർശനം സ്മരണികയുടെ പ്രകാശനം അമ്മ നിർവ്വഹിച്ചു. ജില്ലയിലെ 5000ത്തോളം അമൃതശ്രീ വനിതാ സ്വാശ്രയസംഘാംഗങ്ങൾക്കുള്ള വസ്ത്രവിതരണത്തിനും തുടക്കം കുറിച്ചു. സത്സംഗം, ഭജന, ധ്യാനം എന്നിവയ്ക്കു ശേഷം ആരംഭിച്ച ദർശനം രാത്രി വൈകിയും നീണ്ടു.ഞായറാഴ്ചയും കൈമനം മഠത്തിൽ ഭജന,സത്സംഗം, ദർശനം എന്നിവ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |