തൃശൂർ: അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിനുമേൽ പ്രതിഷ്ഠിക്കാനുള്ള ശ്രമം ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനത്ത് കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള വേർതിരിവ് ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിലൂന്നിയ പ്രവർത്തനങ്ങളിലൂടെ നേരിടാനാകണം. ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതാകുന്നതിന്റെ ഉദാഹരണമാണ് ഐ.ഐ.ടി ഡയറക്റുടെ ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്ന പ്രസംഗം. എ.ഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ലോകത്താകെ വലിയ മാറ്റമുണ്ടാക്കുന്ന കാലത്താണ് ഇല്ലാത്ത കാര്യങ്ങൾക്ക് രാജ്യത്തിന്റെ വിഭവങ്ങൾ ചെലവഴിക്കുന്നത്. കേരളം ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകിയും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുണ്ടാക്കിയും പുനരുപയോഗ സാദ്ധ്യതയുള്ള ഊർജ സ്രോതസുകളെ ഉപയോഗപ്പെടുത്തിയുമെല്ലാം മുന്നോട്ടു പോകുകയാണ്. 2040ഓടെ കേരളത്തിനാവശ്യമായ വൈദ്യുതോർജത്തിന്റെ 90 ശതമാനവും പുനരുപയോഗ സാദ്ധ്യതയുള്ള ഊർജസ്രോതസുകളിൽ നിന്ന് ഉത്പാദിപ്പിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന യുവ ശാസ്ത്ര പുരസ്‌കാരത്തിനും മുഖ്യമന്ത്രിയുടെ ഗോൾഡ് മെഡലിനും അർഹരായ ഡോ.വൃന്ദ മുകുന്ദൻ, ഡോ.വി.എസ്.ഹരീഷ് എന്നിവർക്ക് മുഖ്യമന്ത്രി പുരസ്‌കാരം നൽകി. മന്ത്രി കെ.രാജൻ മുഖ്യാതിഥിയായി. ശാസ്ത്ര സാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ.കെ.പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്ര കോൺഗ്രസിന്റെ ചെയർപേഴ്‌സൺ പ്രൊഫ.എം.കെ.ജയരാജ്, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ.എ.സാബു, കേരള വനഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.സി.എസ്.കണ്ണൻ വാര്യർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |