മുഹമ്മ : കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെത്തുടർന്ന് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത മുഹമ്മയിലെ ജൂവലറി ഉടമയുടെ മൃതദേഹം വീണ്ടും ഇൻക്വസ്റ്റ് നടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാംവാർഡ് കാവുങ്കൽ പണിക്കപ്പറമ്പ് രാധാകൃഷ്ണനാണ് (65) വെള്ളിയാഴ്ച വൈകിട്ട് തെളിവെടുപ്പിനായി ജൂവലറിയിൽ പൊലീസ് കൊണ്ടുവന്നപ്പോൾ സയനൈഡ് കഴിച്ച് ജീവനൊടുക്കിയത്. കടുത്തുരുത്തി പൊലീസിന്റെ പിടിയിലായ ഒരു മോഷ്ടാവ് സ്വർണം രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള രാജി ജൂവലറിയിൽ വിറ്റതുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്.
അടുത്ത കടയിൽ ഇരുന്ന താൻ പോലും അറിയാതെയാണ് മഫ്തിയിൽ കാറിൽ എത്തിയ പൊലീസ് സംഘം രാധാികൃഷ്ണനെ കസ്റ്റഡിയിൽ എടുത്തതെന്നും, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലും കടയിലും വച്ചു മർദ്ദിച്ചെന്നും മകൻ രതീഷ് മുഹമ്മ പൊലീസിനു നൽകിയ പരാതിയെ തുടർന്നാണ് മൃതദേഹം വീണ്ടും ഇൻക്വസ്റ്റ് നടത്തിയത്.
ആർ.ഡി.ഒ, കളക്ടർ, ആലപ്പുഴ, അമ്പലപ്പുഴ, മജിസ്ട്രേട്ടുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടപടികൾ പൂർത്തിയാക്കിയത്.ഇന്നലെ രാത്രി എട്ടോടെ വിദേശത്തുള്ള മരുമകൻ പ്രിൻസ് എത്തിയതോടെ മൃതദേഹം സംസ്ക്കരിച്ചു.
മർദ്ദനമേറ്റ പാടുകൾ
രാധാകൃഷ്ണന്റെ മുഖത്തും തലയിലും മർദ്ദനമേറ്റ പാടുകളും തലയിൽ മർദ്ദനമേൽക്കുമ്പോൾ ഉണ്ടാകുന്ന തരത്തിൽ വലിയ മുഴയും ഉള്ളതായി ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. രാധാകൃഷ്ണന്റെ ജൂവലറി പൊലീസ് സീൽ ചെയ്ത് കാവലും ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |