ആലപ്പുഴ: ഗായത്രിമന്ത്രം സ്ത്രീകളെയും ശൂദ്രരെയും പഠിപ്പിക്കാൻ സവർണ്ണർ ഇനിയും തയ്യാറായില്ലെങ്കിൽ കാലം തിരുത്തുമെന്ന് ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന കൺവെൻഷന്റെ ഭാഗമായുള്ള പൊതുസമ്മേളനം ആലപ്പുഴ റെയ്ബാൻ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സവർണ്ണർ തങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരുത്തണം. രാഷ്ട്രീയ പ്രബുദ്ധത കേരളത്തിൽ ഉണ്ടെന്ന അവകാശവാദം ജനങ്ങളെ വഞ്ചിക്കുന്ന മുഖംമൂടിമാത്രമാണ്. നെഹ്രുപോലും ബഹുമാനിച്ച കെ.ആർ.നാരായണന് സംവരണമണ്ഡലമായ ഒറ്റപ്പാലമാണ് മത്സരിക്കാൻ നൽകിയത്. എത്രശക്തരായാലും പട്ടികജാതി വർഗ വിഭാഗത്തിലെ നേതാക്കൾക്ക് ഇന്നും സംവരണമണ്ഡലമാണ് മത്സരിക്കാൻ നൽകുന്നത്. പൊതുമണ്ഡലത്തിൽ നിന്ന് മുഖ്യധാരയിൽ എത്താൻ ഇവർക്ക് അവസരം നൽകാറില്ല. ചില സമുദായക്കാർക്ക് വേണ്ടി മുഖ്യമന്ത്രിക്കസേര സംവരണം ചെയ്തിരിക്കുന്നു. ആർ.ശങ്കറിന് ശേഷം കോൺഗ്രസിൽ പിന്നാക്കസമുദായത്തിൽ നിന്ന് മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. സി.കെ.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ജി.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി പി.എം.വിനോദ്, കെ.കെ.പുരുഷോത്തമൻ, ഇന്ദിര രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |