കൊച്ചി: 'വാല്യുമെന്റർ'- സൈബർ സുരക്ഷാരംഗത്തെ ആഗോള കമ്പനി. സ്ഥാപകർ ഫോർട്ടു കൊച്ചി സ്വദേശി ബിനോയ് കൂനമ്മാവും ഭാര്യ എയ്ഞ്ചല മരിയയും. 2014ൽ ഇൻഫോപാർക്കിന്റെ തൃശൂർ ക്യാമ്പസിൽ സ്റ്റാർട്ടപ്പായി തുടങ്ങിയ സംരംഭം. ഇന്ന് അമേരിക്ക ഉൾപ്പെടെ 25 രാജ്യങ്ങളിൽ വേരോട്ടം. ഏതെങ്കിലും ഒരു വിദേശരാജ്യത്തേക്ക് കമ്പനി മാറ്റിസ്ഥാപിക്കാൻ കൈവന്നത് നിരവധി അവസരങ്ങൾ. എന്നാൽ, കേരളംവിട്ട് എങ്ങോട്ടുമില്ലെന്ന് ബിനോയ്. എത്ര വളർന്നാലും കമ്പനിയുടെ മുഖ്യകേന്ദ്രം കേരളം തന്നെയായിരിക്കും.
സൈബർ സുരക്ഷയ്‌ക്ക് കാര്യമായ പരിഗണന ലഭിക്കാത്ത കാലത്താണ് സ്റ്റാർട്ടപ്പായി സംരംഭം തുടങ്ങിയത്. തുടക്കത്തിൽ അഞ്ച് ജീവനക്കാർ. ഇപ്പോൾ 150. അടുത്തവർഷം 300 ആയി കൂട്ടും.ഡിജിറ്റൽ ഇടപാടുകൾ, ഡേറ്റ തുടങ്ങിയവ സുരക്ഷിതമാക്കുന്ന സേവനങ്ങളാണ് കമ്പനി നൽകുന്നത്. സുരക്ഷാഭീഷണി കണ്ടെത്തി തടയുന്നതിന് ഉൾപ്പെടെയുള്ള സേവനങ്ങൾ അംഗീകരിക്കപ്പെട്ടതോടെ സ്റ്റാർട്ടപ്പിൽ നിന്ന് ആഗോള കമ്പനിയായി.
യു.എസ്.എ, കാനഡ, യു.എ.ഇ ഉൾപ്പെടെ 25 രാജ്യങ്ങളിൽ സേവനം നൽകുന്നു. എട്ടു രാജ്യങ്ങളിൽ വിപണന ഓഫീസുകളുണ്ട്. ഇടപാടുകാരിൽ 80 ശതമാനവും വിദേശത്താണ്. ജീവനക്കാരെല്ലാം പ്രവർത്തിക്കുന്ന പ്രോജക്ട് കേന്ദ്രം തൃശൂർ ഇൻഫോപാർക്കിലാണ്. ഭാര്യ എയ്ഞ്ചല, സുഹൃത്തുക്കളായ ജോബിൻ തോമസ്, മൃദുൽ മേനോൻ എന്നിവർ സഹസ്ഥാപകരായാണ് ബിനോയ് സംരംഭത്തിന് തുടക്കമിട്ടത്. സൈബർ സെക്യൂരിറ്റിയിൽ ലോകത്തെ 10 വലിയ കമ്പനികളിൽ ഒന്നാകുകയാണ് ലക്ഷ്യം.
പ്രീഡിഗ്രിക്കാലത്തെ
കമ്പ്യൂട്ടർ കമ്പം
പ്രീഡിഗ്രി കാലത്താണ് ബിനോയിക്ക് കമ്പ്യൂട്ടറിനോട് ഇഷ്‌ടം തുടങ്ങിയത്. ബിരുദത്തിന് കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ആഗ്രഹിച്ചെങ്കിലും സീറ്റുകൾ പരിമിതമായ കാലമായിരുന്നതിനാൽ കിട്ടിയില്ല. നെറ്റ്‌വർക്ക് സൊല്യൂഷൻസ് പഠിച്ചു. കോയമ്പത്തൂരിൽ ആദ്യജോലി. പിന്നീട് ടെക്നോപാർക്കിലെ അന്താരാഷ്ട്ര കമ്പനിയിലെത്തി. സൈബർ സെക്യൂരിറ്റിയിൽ നേടിയ മികവിൽ ഗൾഫിലെ വൻകിട ബാങ്കിന്റെ ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗം തലവനായി.
സൈബർ സെക്യൂരിറ്റിയിൽ നിരവധി അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകളും അംഗീകാരങ്ങളും നേടി. തുടർന്നാണ് കേരളത്തിൽ സ്റ്റാർട്ടപ്പ് തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |