ചവറ: നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെയും ബന്ധുവിനെയും ആക്രമിച്ച് കൊലപ്പെട്ടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. തഴവ കുതിരപന്തി കല്ലിക്കാട്ടിൽ കൃഷ്ണേന്തുവാണ് (21) പിടിയിലായത്.കഴിഞ്ഞ 27ന്
വൈകിട്ട് മൂന്ന് മണിയോടെയാണ് അക്രമിസംഘം കോയിവിള, പടപ്പനാൽ അരിനല്ലൂർ ഭാഗങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത് . ഇതിനിടെ അക്രമി സംഘം സഞ്ചരിച്ച ബൈക്ക് കോയിവിള ഭരണിക്കാവ് ഷാ മൻസിലിൽ ഷഹൻഷയും ബന്ധുവും സഞ്ചരിച്ച ബൈക്കിൽ ഇടിക്കാൻ ശ്രമിച്ചതോടെ ഷഹൻഷ ഇത് ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് അക്രമി സംഘം സ്കൂട്ടർ തടഞ്ഞ് നിറുത്തി ഷഹൻഷായെ കല്ലുവെച്ച് ഇടത് കവിളിൽ ഇടിയ്കുകയും ഇടി കൊണ്ട് ഇടത് കവിൾ മുറിയുകയും മറ്റൊരാൾ വടിവാൾ വീശി അസഭ്യം പറഞ്ഞുകൊണ്ട് ഉറക്കെ ആക്രോശിച്ച് കൈയ്യിൽ കരുതിയ ബാഗിൽ നിന്ന് തോട്ട പോലുള്ള ഉഗ്ര സ്ഫോടക വസ്തു ഇവരുടെ നേർക്ക് എറിയുകയും അത് താഴെ വീണു പൊട്ടുകയും വീണ്ടും
സ്ഫോടക വസ്തു എറിഞ്ഞ് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ട് പ്രതികൾ മുൻപ് അറസ്റ്റിലായിരുന്നു. കൃഷ്ണേന്തുവിനെതിരെ മറ്റൊരു കേസും തെക്കുംഭാഗം സ്റ്റേഷനിൽ നിലവിലുണ്ട്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നിർദേശാനുസരണം തെക്കുംഭാഗം സി.ഐ ശ്രീകുമാർ സീനിയർ സി.പി.ഒ മാരായ വിനീഷ്,അനീഷ് സി.പി.ഒമാരായ അഫ്സൽ, മുനീറ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |