ചെന്നൈ: ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർത്ഥി വി.സി. ചന്ദ്രകുമാറിന് 90,535 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയം. നാംതമിഴർ പാർട്ടിയിലെ എം.കെ. സീതാലക്ഷ്മിയായിരുന്നു പ്രധാന എതിർസ്ഥാനാർത്ഥി.
അണ്ണാ ഡി.എം.കെ,ബി.ജെ.പി,പി.എം.കെ,ഡി.എം.ഡി.കെ ഉൾപ്പെടെയുള്ള പ്രധാന പാർട്ടികളെല്ലാം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു. എന്നാൽ,സ്വതന്ത്ര സ്ഥാനാർത്ഥികളായി 44 പേർ കൂടി മത്സര രംഗത്തുണ്ടായിരുന്നു. ഡി.എം.കെയുടെ നയപ്രചാരണ ജോയിന്റ് സെക്രട്ടറിയാണ് വിജയിച്ച വി.സി. ചന്ദ്രകുമാർ. 2021ന് ശേഷം മണ്ഡലത്തിൽ നിന്ന് വിജയിക്കുന്ന മൂന്നാമത്തെ എം.എൽ.എയാണ്.
2021ലെ പൊതു തിരഞ്ഞെടുപ്പിൽ 'ഇന്ത്യ" മുന്നണിയിൽ മത്സരിച്ച കോൺഗ്രസിലെ തിരുമകൻ ഇവേര വിജയിച്ചു. 2023ൽ എം.എൽ.എയുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഇ.വി.കെ.എസ്. ഇളങ്കോവൻ വിജയിച്ചു. ആറു മാസം മുൻപ് ഇളങ്കോവനും മരിച്ചു. ഇതോടെയാണ് മണ്ഡലം വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. കോൺഗ്രസിൽ നിന്ന് സീറ്റ് ഡി.എം.കെ ഏറ്റെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |