കൊയമ്പത്തൂർ: വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയെ വ്യാഴാഴ്ച രാത്രിയാണ് യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. നിലവിൽ വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് 36കാരി.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. തിരുപ്പൂരിലെ വസ്ത്രനിർമ്മാണ ശാലയിൽ ടൈലറിംഗ് ജോലി ചെയ്യുന്ന യുവതി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. രാവിലെ 6.40ന് ലേഡീസ് കംപാർട്ട്മെന്റിലാണ് യുവതി കയറിയത്. അപ്പോൾ വേറെ ഏഴ് സ്ത്രീകളും ബോഗിയിലുണ്ടായിരുന്നു. ജോലർപേട്ടൈ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അവരെല്ലാവരും ഇറങ്ങി. ഇതോടെ യുവതി തനിച്ചായി. ഈ സമയത്താണ് പ്രതി ഹേമരാജ് ബോഗിയിലേക്ക് ചാടിക്കയറിയത്. അബദ്ധത്തിൽ ബോഗി മാറി കയറിയതാണെന്നും അടുത്ത സ്റ്റേഷനിൽ ഇറങ്ങാമെന്നും പറഞ്ഞ ഇയാൾ യുവതിയെ ശുചിമുറിയിലേക്ക് പോയപ്പോൾ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. യുവതി പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. ട്രാക്കിൽ പരിക്കുകളോടെ കണ്ടെത്തിയ യുവതിയെ നാട്ടുകാർ വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
യുവതിക്ക് കൈയ്ക്കും കാലിനും പൊട്ടലുണ്ട്. തലയിലും മുറിവേറ്റു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയായ ഹേമരാജിനെ രാവിലെ അറസ്റ്റ് ചെയ്തു. കെവി കുപ്പത്തിന് സമീപം പൂഞ്ചോല എന്ന ഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ദേശീയ വനിതാ കമ്മിഷൻ തമിഴ്നാട് പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടന്നുംഐ.സിയുവിൽ നിന്ന് മാറ്റിയെന്നും വൈകിട്ടോടെ ഡോക്ടർമാർ വ്യക്തമാക്കി. യുവതിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |