ഹവാന: കരീബിയൻ ദ്വീപുകളിൽ കഴിഞ്ഞ ദിവസം ഭൂകമ്പം ഉണ്ടായതിനു പിന്നാലെ സുനാമി സാദ്ധ്യതാ മുന്നറിയിപ്പ് നൽകി യുഎസ് നിരീക്ഷണ ഏജൻസികൾ. ഇന്നലെ വൈകുന്നേരം 6.23നാണ് കേമൻ ദ്വീപുകളുടെ തീരത്ത് നിന്ന് എകദേശം 130 മൈൽ (209 കിലോമീറ്റർ) അകലെ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇതോടെയാണ് നിരവധി സ്ഥലങ്ങളിൽ സുനാമി സാദ്ധ്യതാ മുന്നറിയിപ്പും നൽകിയത്. ആദ്യഘട്ടത്തിൽ നിരവധി രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് അത് മൂന്ന് മേഖലകളിലായി ചുരുക്കുകയായിരുന്നു.
ക്യൂബയുടെ ചില ഭാഗങ്ങളിൽ പത്ത് അടി (മൂന്ന് മീറ്റർ) വരെ തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും കേമാൻ ദ്വീപുകളിലും ഹോണ്ടുറാസിലും മൂന്ന് അടി ഉയരത്തിൽ വരെ തിരമാലകൾ ഉണ്ടാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തീരദേശ നിവാസികൾ അടിയന്തരമായി ഉൾനാടുകളിലേക്ക് മാറണമെന്നും കേമൻ ദ്വീപ് സർക്കാർ നിർദ്ദേശിച്ചു. ഇവിടെ 0.3 മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ദുർബല പ്രദേശങ്ങളിൽ നിന്ന് ജനങ്ങളോട് ഉയർന്ന മേഖലകളിലേക്ക് മാറിതാമസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്യൂർട്ടോ റിക്കോയിൽ ജനങ്ങളോട് മുൻകരുതലുകൾ എടുക്കുവാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ജനവാസമേഖലകളിൽ നിന്ന് ആളുകളെ കുടിയൊഴിപ്പിച്ചിട്ടില്ല. ഗവർണർ ജെന്നിഫർ ഗോൺസാലഡ് കോളോൺ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ഡൊമിനിക്കൻ റിപ്പബ്ലിക് സർക്കാർ സുനാമി മുന്നറിയിപ്പ് പുറവെടുപ്പിച്ചു. നിവാസികൾ കരയിൽ നിന്ന് കുറഞ്ഞത് രണ്ട് കിലോമീറ്റർ അകത്തേക്കോ അല്ലെങ്കിൽ 20 മീറ്ററിൽ കൂടുതൽ ഉയർന്ന പ്രദേശത്തേക്ക് മാറാനും നിർദ്ദേശിച്ചിട്ടുണ്ട്, ഹോണ്ടുറാസിലുളള ബീച്ചുകളിലും വിനോദസഞ്ചാരികൾക്കടക്കം നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |