കോഴഞ്ചേരി : ആറന്മുള മാലക്കരയിലുള്ള ജില്ലാ റൈഫിൾ ക്ലബിലെ നിർമ്മാണത്തിലിരിക്കുന്ന മതിലിടിഞ്ഞ് വീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് നിസാര പരിക്കേറ്റു. ബിഹാർ നളന്ദ ബൽവാപുർ സ്വദേശി ഗുഡുകുമാർ (37), ബംഗാൾ സ്വദേശി രത്‌നം മണ്ഡൽ (32) എന്നിവരാണ് മരിച്ചത്. ബീഹാർ ഈസ്റ്റ് ചമ്പാരൻ സ്വദേശി വിജയദാസ് (29) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നിനായിരുന്നു അപകടം.
ഷൂട്ടിംഗ് പരിശീലനത്തിനായി ട്രഞ്ച് നിർമ്മിച്ച ഭാഗത്ത് പത്ത് അടി ഉയരത്തിൽ കെട്ടി ഉയർത്തിയ മതിലാണ് സിമിന്റ് പൂശുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് പതിച്ചത്. ട്രഞ്ച് നിർമ്മാണത്തിനായി നീക്കിയ മണ്ണ് മതിലിന്റെ സമീപത്ത് നിന്ന് മണ്ണുമാന്തി ഉപയോഗിച്ച് മാറ്റുന്ന പണികളും ഈ സമയം നടക്കുന്നുണ്ടായിരുന്നു.
സിമിന്റ് ബ്ളോക്കുകൾ കൊണ്ട് കെട്ടിയ മതിലിന്റെ മുകൾഭാഗവും കോൺക്രീറ്റ് ബീമും തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുഡുകുമാറിനെയും രത്‌നം മണ്ഡലിനെയും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |